700 രൂപയുടെ ടിക്കറ്റ് 380 ന്! വന്ദേഭാരതിൽ നിയമവിരുദ്ധമായി സീറ്റ് അനുവദിച്ച ടി.ടി.ഇക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ കയറിയ യാത്രക്കാരന് 700 രൂപയുടെ ടിക്കറ്റ് 380 രൂപക്ക് തരാമെന്ന് പറഞ്ഞ ടി.ടി.ഇക്ക് സസ്പെൻഷൻ. യാത്രക്കാരനുമായി വിലപേശുന്നതിന്റെ ദൃശ്യങ്ങൾ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി.ടി.ഇയെ റെയിൽവെ സസ്പെൻഡ് ചെയ്തത്.
എക്സ് പ്ലാറ്റ്ഫോമിൽ വൈറലായ വിഡിയോയിൽ ടി.ടി.ഇ യാത്രക്കാരനുമായി ടിക്കറ്റ് കാര്യത്തിൽ വിലപേശുന്നത് വ്യക്തമാണ്. ഇത്തരത്തിൽ സീറ്റ് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ടി.ടി.ഇ തന്നെ വിഡിയോയിൽ സമ്മതിക്കുന്നുമുണ്ട്. എങ്കിലും അനധികൃതമായി കുറഞ്ഞ തുകക്ക് യാത്ര ചെയ്യാൻ ഇയാൾ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.
വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്ത് റെയിൽവേ ഉത്തരവിറക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയും സുതാര്യതയില്ലായ്മയും കണക്കിലെടുത്ത് ടി.ടി.ഇയെ അടിയന്തരമായി സസ്പെൻഡ് ചെയ്യുന്നു എന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ടി.ടി.ഇയുടെ നടപടിയിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.
പഴയകാല റെയിൽവേ രീതികളിലേക്കുള്ള മടങ്ങിപ്പോക്കാണിതെന്ന് ചിലർ പരിഹസിച്ചപ്പോൾ, ടി.ടി.ഇ യാത്രക്കാരനെ 'സഹായിക്കുക' മാത്രമാണ് ചെയ്തതെന്ന വിചിത്രമായ വാദമാണ് ചിലർ ഉയർത്തിയത്. ടിക്കറ്റ് ബുക്കിങ്ങിലും നിരക്ക് ഈടാക്കുന്നതിലും ഇന്ത്യൻ റെയിൽവേക്ക് കർശനമായ മാർഗനിർദേശങ്ങളുണ്ട്. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ അനുവദിക്കാൻ ടി.ടി.ഇമാർക്ക് അധികാരമുണ്ട്. എന്നാൽ നിശ്ചിത നിരക്കിൽ മാറ്റം വരുത്തുന്നത് ഗുരുതരമായ കുറ്റമായാണ് റെയിൽവെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

