ഈ കടയിൽ ഇവർക്കുള്ള സ്നേഹമുണ്ട്, ഭക്ഷണവും...
text_fieldsകടയിലെത്തുന്ന നായകൾക്കും പൂച്ചകൾക്കുമൊപ്പം ഇക്രം കോർക്മസർ
തുർക്കിയിലുള്ള ഈ കടക്ക് മുന്നിൽ എപ്പോഴുമുണ്ടാകും തെരുവ് നായകളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകളും. വിശക്കുമ്പോൾ അവർ നേരേ ഈ കടക്ക് മുന്നിൽ വന്ന് ഇരിപ്പുറക്കും. കാരണം, അവർക്കറിയാം വയറ് നിറയാനുള്ള വക അവിടെ റെഡിയാണെന്ന്. തുർക്കി പൗരനായ ഇക്രം കോർക്മസറിന്റേതാണ് മാംസ ഉൽപന്നങ്ങൾ വിൽക്കുന്ന ഈ കട.
യേം ഏ ഗലെറിസി എന്നുപേരുള്ള ഇക്രമിന്റെ കടയുടെ മുന്നിൽ വിശന്നുവരുന്ന ഒരു നായയും പൂച്ചയും ഒരിക്കലും നിരാശരാകാറില്ല. അവർക്ക് ഭക്ഷണം നൽകുന്നതിന്റെയും അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയുമൊക്കെ വീഡിയോ ഇക്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുമുണ്ട്. 'വാതിൽപ്പടിയിലെ കൂട്ടുകാർ' എന്ന കാപ്ഷനിലൊക്കെ പങ്കുവെക്കുന്ന വീഡിയോകൾ നിരവധി പേരെയാണ് ആകർഷിക്കുന്നത്.
പതിനായിരക്കണക്കിന് വ്യൂവും ലൈക്കുമൊക്കെ കിട്ടുന്ന വീഡിയോകൾക്ക് താഴെ ഇക്രമിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള സ്നേഹം കാട്ടുന്നതിന്റെ മഹനീയ ഉദാഹരണമാണ് ഇക്രമിന്റെ ജീവിതമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

