അയ്യേ.....എന്തോന്നിത്? ഇതെന്റെ കെ.എസ്.ആർ.ടി.സി അല്ല, എന്റെ കെ.എസ്.ആർ.ടി.സി ഇങ്ങനെയല്ല; വിമർശനവുമായി ആനവണ്ടി ഫാൻസ്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ പൊതു ഗതാഗത സർവീസായ കെ.എസ്.ആർ.ടി.സിയെ കൂടുതൽ മേഖലയിലേക്കെത്തിക്കാൻ പുതിയ ബസുകൾ വരുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ പേരിൽ ചില ബസുകളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഡിസൈനിലും ബോഡി കോഡിലുമായതിനാൽ ആദ്യം എ.ഐ നിർമ്മിതമായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ടീം ആനവണ്ടി, കെ.എസ്.ആർ.ടി.സി ബ്ലോഗ് തുടങ്ങിയ ഫേസ്ബുക് പേജുകളിൽ ഈ ബസിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മറ്റ് ഫാൻസ് പേജുകളിലും ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇപ്പോൾ ബസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സിന് വേണ്ടി ബസുകളുടെ ബോഡി നിർമ്മിക്കുന്ന എ.സി.ജി.എൽ (ഓട്ടോമൊബൈൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ്) സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണിവ. ടാറ്റയെ കൂടാതെ അശോക് ലെയ്ലാൻഡ്, ഐഷർ തുടങ്ങിയ കമ്പനികൾക്കും എ.സി.ജി.എൽ ബോഡി നിർമ്മിക്കുന്നുണ്ട്. ഗോവയിൽ നിർമ്മിച്ച ബസുകളായതിനാൽ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് ഗോവ രജിസ്ട്രേഷൻ സീരീസിലുള്ള നമ്പറാണ് നൽകിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി യുടെ ഏറ്റവും പുതിയ സ്വിഫ്റ്റ് ബസുകളുടെ ലോഗോയോ ബ്രാൻഡിങ്ങോ ഈ ബസുകൾക്ക് നൽകിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
കെ.എസ്.ആർ.ടി.സി പുതുതായി പുറത്തിറക്കിയ ബസിന്റെ മോഡലിൽ രൂക്ഷ വിമർശനമാണ് ഫാൻസ് നടത്തുന്നത്. രാജസ്ഥാൻ നിർമ്മിത വണ്ടി, ഫോട്ടോ കണ്ടിട്ട് എ.ഐ എഡിറ്റ് ചെയ്ത പോലെയുണ്ട്, മേസ്തിരി കൈവെക്കുമ്പോൾ ശെരിയായിക്കോളും എന്നെല്ലാമുള്ള കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറയിൽ വെച്ചെടുത്ത ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
ആഡംബര ബസുകൾ മുതൽ ഓർഡിനറി ചെറുബസുകൾ വരെ ഒരു മാസത്തിനകം എത്തുമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് നവീകരിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘടാനം ചെയ്ത് മന്ത്രി പറഞ്ഞത്. ഇതോടുകൂടി അന്തർസംസ്ഥാന യാത്രകൾ കൂടുതൽ എളുപ്പമാവുകയും അതേസമയം കൂടുതൽ ഗ്രാമ പ്രദേശങ്ങളിലേക്ക് ഓർഡിനറി സർവീസുകൾ ആരംഭിക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുതിയ 143 ബസുകൾ വാങ്ങുന്നതിനായി കെ.എസ്.ആർ.ടി.സി ടെണ്ടർ നൽകിയിരുന്നത്. ആദ്യമായി 80 ബസുകളും മൂന്ന് മാസത്തിനുശേഷം 63 ബസുകളും നിരത്തിലെത്തുമെന്നായിരുന്നു റിപോർട്ടുകൾ. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ തുടങ്ങിയ കമ്പനികളിൽ നിന്നുമാണ് ബസുകൾ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

