‘നേപ്പാൾ രൂപ ഇങ്ങനെ ഇടിയുന്നില്ല, ബംഗ്ളാദേശിന്റെയും പാകിസ്താന്റെയും കറൻസി ഇങ്ങനെ തകരുന്നില്ല,’ മോദിയുടെ പഴയ പ്രസംഗത്തെ ട്രോളി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ പ്രസംഗത്തെ ട്രോളി കോൺഗ്രസ്. മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് കോൺഗ്രസ് എക്സിൽ പങ്കുവെച്ചത്.
2013-14 കാലഘട്ടത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയോടടുക്കെയാണ് മോദി, കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘നേപ്പാളിന്റെ രൂപ ഇങ്ങനെ ഇടിയുന്നില്ല, ബംഗ്ളാദേശിന്റെയും പാകിസ്താന്റെയും കറൻസി ഇങ്ങനെ തകരുന്നില്ല, ഇന്ത്യൻ രൂപയുടെ വിലയിടിയുന്നതിന് മറുപടി നൽകിയേ മതിയാവൂ,’ എന്ന് മോദി വീഡിയോയിൽ പറയുന്നത് കേൾക്കാം.
‘എന്തുകൊണ്ടാണ് രൂപയുടെ മൂല്യമിടിയുന്നത്? പ്രധാനമന്ത്രിയോട് നരേന്ദ്രമോദിയുടെ ചോദ്യം’ എന്ന കുറിപ്പോടെയാണ് മോദിയുടെ പ്രസംഗവും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ കോൺഗ്രസ് പങ്കുവെച്ചത്.
ഇതിനിടെ, വിഷയത്തിൽ 2013ലെ മോദിയുടെ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും എക്സടക്കം സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ‘കോൺഗ്രസിനും രൂപക്കുമിടയിൽ മത്സരം നടക്കുകയാണ്. ആരാണ് കൂടുതൽ താഴേക്ക് വീഴുകയെന്നാണ് മത്സരം,’ മോദിയുടെ ഒരു ട്വീറ്റിൽ പറയുന്നു.
2014ൽ മോദി അധികാരത്തിലെത്തുമ്പോൾ രൂപയുടെ ഡോളറുമായുളള മൂല്യം 58.58 രൂപയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ രുപയുടെ മൂല്യം ഡോളിനെതിരെ 90.10 എന്ന താഴ്ന്ന നിലയിലെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രമുഖരടക്കം നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘രൂപയുടെ മൂല്യം ആദ്യമായി ഡോളറിനെതിരെ 90ലേക്ക് കൂപ്പുകുത്തി. 2013ൽ 60 കടന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഏറ്റവും ക്രൂരവും അശ്ലീലവുമായ രീതിയിൽ പരിഹസിച്ചിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ നമ്മൾ എന്താണ് പറയേണ്ടത്? മിസ്റ്റർ മോദി, ഇപ്പോൾ ആരാണ് ‘മൗനി’ ആരാണ് ‘മൂകൻ’? രൂപ സെഞ്ചുറി കടന്നശേഷം പ്രതികരിക്കാൻ കാത്തിരിക്കുകയാണോ?’- തൃണമൂൽ കോൺഗ്രസ് (ടി.എം.സി) രാജ്യസഭ എം.പി സാഗരിക ഘോഷ് എക്സിൽ കുറിച്ചു.
‘ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്നു. മറ്റ് ചില കറൻസികൾക്കെതിരെ നിരക്ക് ഇതിലും മോശമാണ്. ധനമന്ത്രി ഒരു വാക്കുപോലും ഉരിയാടുന്നില്ല. 2014ൽ ബി.ജെ.പി വാഗ്ദാനം ചെയ്ത അഛെ ദിൻ ഇന്ത്യക്കാർ ഒഴികെയുള്ളവർക്കായിരുന്നുവെന്നാണ് ഞാൻ ഊഹിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ചാര ആപ്പുകളാണ്, സ്പൈ സാഥി’ -ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ എക്സിൽ കുറിച്ചു.
‘ഡോളർ ശക്തിയാർജ്ജിക്കുമ്പോൾ ഇന്ത്യൻ രൂപ ദുർബലമാവുകയാണ്, ഇതുകൊണ്ടുതന്നെ ആഗോള വ്യാപാര രംഗത്ത് ഇന്ത്യക്കാർക്ക് അതിജീവിക്കുക പ്രയാസമാവും. ഞങ്ങളുടെ വ്യാപാരികൾക്ക് ഈ ഭാരം വഹിക്കാനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന സർക്കാർ ഒരുമറുപടിയും നൽകുന്നില്ല. നരേന്ദ്ര മോദിയുടെ കൃപ കൊണ്ട് ഇന്ന് രൂപയുടെ മൂല്യം 90 കടന്നു,’ - കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

