നെറ്റിസൻമാരെ അമ്പരപ്പിച്ച് കടലിലെ രാക്ഷസ ജീവി
text_fieldsപിങ്ക് നിറത്തിൽ അഴുകിയ രൂപത്തിലുള്ളൊരു മാംസപിണ്ഡം, ഉരുണ്ട കണ്ണുകൾ, കൂർത്ത പല്ലുകൾ, മുഖത്താകെ പരന്നു കിടക്കുന്ന വലിയ വായ. ഹൊറർ സിനിമകളിൽ കണ്ടുവരുന്ന പേടിപ്പെടുത്തുന്നതും വികൃതവുമായ ഭീകര രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൻമാർ. എന്നാൽ ഇതൊരു സിനിമയിൽ നിന്നുള്ള ചിത്രമല്ല. തെക്കു-കിഴക്കൻ ഓസ്ട്രേലിയയിലാണ് സംഭവം.
മത്സ്യത്തൊഴിലാളിയായ ജെയ്‌സൺ മോയ്സിനാണ് കടലിൽ നിന്ന് ഈ വിചിത്രമായ ഭീകര ജീവിയെ ലഭിച്ചത്. ബെർമഗുയിയുടെ തീരത്ത് നിന്ന് ഒരു രാക്ഷസ കടൽ ജീവിയെ പിടികൂടിയെന്ന അടികുറിപ്പോടെ ജെയ്സൺ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താൻ കണ്ടെതിൽ വെച്ച് ഏറ്റവും വൃത്തികെട്ട കടൽ ജീവി എന്നാണ് ജെയ്‍സൺ ഇതിനെ വിശേഷിപ്പിച്ചത്. ഒറ്റ നോട്ടത്തിൽ ഒരേ സമയം പേടിയും അറപ്പും തോന്നുന്ന ജീവിയെ കണ്ട് നെറ്റിസൻമാരും അമ്പരന്നു.
തനിക്കും ബോട്ടിൽ കൂടെയുണ്ടായവർക്കും ഈ ജീവി എന്തായിരിക്കുമെന്ന് അറിയാത്തതിനാലാണ് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന് ജെയ്സൺ പറഞ്ഞു. കടലിൽ അപൂർവ്വമായി കാണുന്ന ബ്ലോബ് ഫിഷാണിതെന്നാണ് തന്‍റെ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. കടലിൽ നിന്ന് 540 മീറ്റർ ആഴത്തിൽ നിന്ന് പിടികൂടിയ മത്സ്യത്തിന്‍റെ ഭാരം 4 കിലോഗ്രാം ആണ്.