ടാങ്കർ ലോറി മറിഞ്ഞ് നെയ്യ് റോഡിൽ പരന്നൊഴുകി; പാത്രങ്ങളും ബക്കറ്റുകളുമായി തടിച്ചുകൂടി ജനം
text_fieldsമൊറാദാബാദ്: ടാങ്കർ ലോറി അപകടത്തിൽപെട്ട് മറിഞ്ഞ് ദേശീയ പാതയിലാകെ നെയ്യ് പരന്നൊഴുകി. വാർത്തയറിഞ്ഞ് പാത്രങ്ങളും ബക്കറ്റുകളുമായി നെയ്യ് ശേഖരിക്കാൻ തടിച്ചുകൂടിയത് വൻ ജനക്കൂട്ടം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഡൽഹി-ലഖ്നൗ ദേശീയ പാതയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നെയ്യാണ് റോഡിലൂടെ ഒഴുകിപ്പോയത്.
അപകടവിവരമറിഞ്ഞ് നിമിഷനേരംകൊണ്ട് നൂറുകണക്കിന് ആളുകളാണ് ബക്കറ്റുകളും കുപ്പികളുമായി അപകട സ്ഥലത്തേക്ക് എത്തിയത്. റോഡിൽ പരന്നുകിടന്ന നെയ്യ് കന്നാസുകളിലും പാത്രങ്ങളിലും കോരിയെടുക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹരിയാനയിൽനിന്ന് ഉത്തരാഖണ്ഡിലെ രുദ്രപൂരിലുള്ള ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. റോഡ് മുറിച്ചുകടന്ന വ്യക്തിയെ രക്ഷിക്കാൻ ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിയുകയായിരുന്നു.
സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം കാരണം ഗതാതതം തടസ്സപ്പെട്ടതിനെത്തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് ലോറി റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആളപായമില്ലെന്നും റോഡ് വൃത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചുകഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

