ബി.ജെ.പി എം.എൽ.എയുടെ കൊച്ചുമകനാണെന്ന 'നമ്പർ പ്ലേറ്റു'മായി യുവാവിന്റെ കറക്കം; എം.എൽ.എ അവിവാഹിതനും!
text_fieldsചെന്നൈ: നാഗർകോവിലിലെ അമരീഷ് എന്ന യുവാവിന്റെ ബൈക്കിനുള്ളത് നമ്പർ പ്ലേറ്റല്ല, ഒരു 'നമ്പരാണ്'. സ്ഥലം എം.എൽ.എയുടെ കൊച്ചുമകനാണെന്ന 'നമ്പർ'. അമരീഷിന്റെ ബൈക്കിൽ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ഇതാണ്-'നാഗർകോവിൽ എം.എൽ.എ ശ്രീ. എം.ആർ. ഗാന്ധിയുടെ കൊച്ചുമകനാണ്'. ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ അധികനേരം വേണ്ടി വന്നില്ല. സംഭവത്തെ ഹിറ്റാക്കിയത് പിന്നിൽ രസകരമായ മറ്റൊരു കാരണം കൂടിയുണ്ട്; നമ്പർ പ്ലേറ്റിൽ പറയുന്ന നാഗർകോവിൽ എം.എൽ.എ എം.ആർ. ഗാന്ധി അവിവാഹിതനാണ്.
തമിഴ്നാട്ടിൽ എം.എൽ.എയുടെ കൊച്ചുമകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന സംശയമുയർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഫോട്ടോ പ്രചരിക്കുന്നത്. എം.ആർ. ഗാന്ധിയുടെ അനുയായി കണ്ണന്റെ മകൻ അമരീഷ് ആണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് കുടുങ്ങിയത്. നമ്പർ പ്ലേറ്റില്ലാതെ എം.എൽ.എയുടെ കൊച്ചുമകനാണ് എന്ന ബോർഡ് വെച്ച് നഗരത്തിലൂടെ കറങ്ങുന്ന ബൈക്കിന്റെ ഫോട്ടോ നാട്ടുകാർ എടുക്കുകയായിരുന്നു.

