എല്ലാ പെൺകുട്ടികളും ഇത് പഠിക്കണം; വിവാഹ വസ്ത്രത്തിൽ ആയോധനകല അവതരിപ്പിച്ച് നിഷയുടെ ബോധവത്കരണം -വീഡിയോ വൈറൽ
text_fieldsചെന്നൈ: വിവാഹവേദിയിൽ വധു നൃത്തം ചെയ്യുന്നതിന്റെയും ചെണ്ട െകാട്ടുന്നതിന്റെയുമൊക്കെ വീഡിയോകൾ ഇപ്പോൾ സർവസാധാരണമാണ്. ആയോധനകല അവതരിപ്പിക്കുന്നവരും കുറവല്ല. ഇപ്പോൾ നീളൻ വടിയും സുരുൾ വാളും (ഉറുമി) ഉപയോഗിച്ച് വിവാഹവേഷത്തിൽ സിലമ്പാട്ടം എന്ന ആയോധനകല അവതരിപ്പിക്കുന്ന വധുവിന്റെ വീഡിയോ വൈറലാകുകയാണ്.
തമിഴ്നാട് തൂത്തുക്കുടിയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി. നിഷ എന്ന 22കാരിയാണ് ഗ്രാമീണർക്കും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കും മുന്നിൽ സിലമ്പത്തിന്റെ അടിമുറയും വാൾപയറ്റും അവതരിപ്പിച്ചത്. മൂന്നുവർഷമായി ആയോധനകല അഭ്യസിക്കുന്ന നിഷ എല്ലാ പെൺകുട്ടികളെയും ബോധവത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് വിവാഹസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഈ മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഈ സാഹസത്തിന് മുതിർന്നത്. വരൻ രാജ്കുമാർ സർവ പിന്തുണയുമായി കൂടെ നിൽക്കുകയും ചെയ്തു.
സ്വയംപ്രതിരോധ മാർഗങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് നിഷ പറഞ്ഞു. പൊലീസിൽ ചേർന്ന് നാടിനെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന നിഷ തന്നെ ആയോധനകല അഭ്യസിക്കാൻ വിട്ട അമ്മ മണിക്കാണ് എല്ലാ നന്ദിയും അർപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളും ബന്ധുക്കളും നിഷയുടെ ഈ താൽപര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. നിഷയുടെ പ്രകടനം കണ്ട് ആർപ്പുവിളിച്ച് കാണികൾ കല്യാണം കളറാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

