സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ പ്രൊഫസറെ കളിയാക്കിയ വിദ്യാർഥിയുടെ കോളറിൽ കുത്തിപ്പിടിച്ചു; വിഡിയോ വൈറലായതോടെ ഖേദ പ്രകടനം
text_fieldsഅഹമ്മദാബാദ്: സ്വകാര്യ സർവകലാശാലയായ നിർമ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ വിദ്യാർഥിയെ കോളറിന് കുത്തിപ്പിടിച്ച സംഭവത്തിൽ വൻ വിവാദം. വിഡിയോ വൈറലായതിന് പിന്നാലെ പ്രൊഫസറും വിദ്യാർഥിയും പരസ്പരം മാപ്പ് പറഞ്ഞതായി സർവകലാശാല വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സംഭവത്തിൽ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സെപ്റ്റംബർ 18 മുതൽ 20 വരെ നിർമ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികൾ സംഘടിപ്പിച്ച 'ടെക്നോഫോറ 2026' എന്ന മൂന്ന് ദിവസത്തെ പരിപാടിക്കിടെയാണ് വിവാദ സംഭവം നടന്നത്. പരിപാടിയിൽ ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ആക്ടിന് ശേഷം ഡിപ്പാർട്ട്മെന്റ് തലവനായ പ്രൊഫസർ എച്ച്.കെ. പട്ടേൽ സ്റ്റേജിൽ നിന്ന് പ്രേക്ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രസംഗം നീണ്ടുപോയതോടെ ഒരു വിദ്യാർഥി സിനിമാ ഡയലോഗായ ‘ജൽദി കർ, പൻവേൽ നികൽനാ ഹേ’ (വേഗം ചെയ്യ്, പൻവേൽ പോകേണ്ടതുണ്ട്) എന്ന് വിളിച്ചുപറഞ്ഞ് കളിയാക്കുകയായിരുന്നു.
ഇതോടെ പ്രകോപിതനായ പ്രൊഫസർ വിദ്യാർഥിയോട് സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ പ്രൊഫസർ വിദ്യാർത്ഥിയുടെ കോളറിന് പിടിക്കുന്നതും മര്യാദക്ക് പെരുമാറാൻ ആവശ്യപ്പെടുന്നതും കാണാം. ‘എനിക്ക് ഏതറ്റം വരെയും പോകാൻ കഴിയും. നിർമ യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു അധ്യാപകനെ അപമാനിക്കാൻ നീ ധൈര്യപ്പെടുന്ന ദിവസം, നീ എന്നെന്നേക്കുമായി തീർന്നു’ എന്ന് പ്രൊഫസർ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കേൾക്കാം.
സംഭവം വിവാദമായതോടെ സർവകലാശാല അടിയന്തര നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡീൻമാരും ഡയറക്ടർമാരും ഉൾപ്പെടുന്ന മൂന്നംഗ ഉന്നതാധികാര സമിതിയെ സർവകലാശാല രൂപീകരിച്ചു. ഏഴ് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. പ്രൊഫസറും വിദ്യാർഥിയും പരസ്പരം മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, നിയമാനുസൃത നടപടികൾ നടക്കും. സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക നിർമ യൂണിവേഴ്സിറ്റി ഡയറക്ടർ ജനറൽ പ്രൊഫ. ആർ.എൻ. പട്ടേൽ പറഞ്ഞു.
വിഡിയോ വൈറലായതിന് പിന്നാലെ വിദ്യാർഥികൾക്കിടയിൽ നിന്ന് തന്നെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഒരു വിഭാഗം പ്രൊഫസറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് പറയുമ്പോൾ, മറ്റൊരു വിഭാഗം അധ്യാപകരെ പരസ്യമായി കളിയാക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

