അനുവാദമില്ലാതെ പൂ പറിച്ചു; വീട്ടുകാരോട് മാപ്പുചോദിച്ച വിദ്യാർഥിനിയുടെ കത്ത് വൈറൽ
text_fieldsഅനുവാദമില്ലാതെ പൂക്കൾ പറിച്ചതിന് വീട്ടുകാരോട് മാപ്പുചോദിച്ച് സ്കൂൾ വിദ്യാർഥിനി എഴുതിയ കത്ത് വീട്ടുടമ സ്റ്റാറ്റസ്
ആക്കിയപ്പോൾ
ചാവക്കാട്: അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽനിന്ന് പൂക്കൾ പറിച്ചതിന് വീട്ടുകാരോട് മാപ്പുചോദിച്ച് സ്കൂൾ വിദ്യാർഥിനി എഴുതിയകത്ത് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നു. എടക്കഴിയൂർ ക്യുവർ ഫാർമസി ഉടമ നൗഫലിന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്നാണ് കത്ത് ലഭിച്ചത്. സീതി സാഹിബ് സ്കൂൾ വിദ്യാർഥിനി ഷിഹാനയാണ് കത്തെഴുതി വെച്ചത്. വീട്ടുമുറ്റത്തെ ചെമ്പക മരത്തിൽനിന്ന് അനുവാദമില്ലാതെ പൂക്കൾ പറിച്ചതിലുള്ള വിഷമം കാരണമാണ് കുട്ടി കത്തെഴുതിയത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ:
‘‘ഞാൻ ഷിഹാന. സീതി സാഹിബ് സ്കൂളിലാണ് പഠിക്കുന്നത്. ഞാൻ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. ഒരുപാട് തവണ വിളിച്ചു, കോളിങ് ബെൽ അടിച്ചു. കറന്റ് ഇല്ലാത്തതാണോ എന്നറിയില്ല, ആരും പുറത്ത് വന്നില്ല. ഞാൻ ഒരു മൂന്ന് ദിവസം അടുപ്പിച്ച് വന്നു. ആരെയും കണ്ടില്ല. സമ്മതമില്ലാതെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. എന്നാലും ഞാൻ നിങ്ങളുടെ വീടിന്റെ മുറ്റത്തുള്ള ചെമ്പക മരത്തിൽ നിന്നും പൂക്കൾ പറിച്ചിരുന്നു. പറയാതെ പറിച്ചത് മോശമാണെന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനൊരു എഴുത്ത് ഇവിടെ വെക്കുന്നത്’’.
ബുധനാഴ്ച രാവിലെയാണ് നൗഫലിനും കുടുംബത്തിനും സിറ്റൗട്ടിൽനിന്ന് കത്ത് ലഭിക്കുന്നത്. കത്ത് കണ്ട് മനസ്സ് നിറഞ്ഞ നൗഫൽ കത്തിന്റെ ചിത്രം സോഷ്യൽ മീഡിയ സ്റ്റാറ്റസായി പങ്കുവെക്കുകയായിരുന്നു. ‘‘ഷിഹാനാ... നീ നല്ല മനസ്സുള്ള പെൺകുട്ടിയാണ്, ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു’’ -എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

