'ഹം തും ഏക് കമരേ മേം ബന്ത് ഹോ'- ടോയ്ലറ്റിൽ കുടുങ്ങി പുള്ളിപ്പുലിയും നായയും; പിന്നീട് കാമറക്കുനേരെ കുതിച്ചുചാടി പുലി
text_fieldsപുള്ളിപ്പുലിയും തെരുവുനായയും ടോയ്ലറ്റിൽ കുടുങ്ങിയത് ഏഴ് മണിക്കൂർ. കർണാടകയിലെ ബിലിനെെള ഗ്രാമത്തിലാണ് നാട്ടുകാരെയും അധികൃതരെയും ആകാംക്ഷയുടെ മുൾമുനയിലാക്കിയ സംഭവം അരങ്ങേറിയത്. പുള്ളിപ്പുലിയെ വലയിൽ കുടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾ വിഫലമായി. വല പൊട്ടിച്ച് രക്ഷപ്പെട്ട പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. നായയെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.
തെരുവുനായെയ പുള്ളിപ്പുലി ഓടിച്ച് ടോയ്ലറ്റിനുള്ളിൽ കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ഇത്. പുലിയുടെ വാൽ പുറത്തുകണ്ട ഗ്രാമീണരിൽ ഒരാൾ അതിനെ കുടുക്കാനായി ടോയ്ലറ്റിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പുലിയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ വെന്റിലേറ്ററിലൂടെ നോക്കിയപ്പോളാണ് ടോയ്ലറ്റിനുള്ളിൽ നായയും ഉണ്ടെന്ന് മനസ്സിലായത്. സംഭവമറിഞ്ഞ് നാട്ടുകാരും ചുറ്റും കൂടി.
പുള്ളിപ്പുലി ഒരു മൂലയിലും നായ മറ്റൊരു മൂലയിലുമാണ് ഇരുന്നിരുന്നത്. മയക്കുവെടി വെച്ച് പുലിയെ പിടിച്ച് കാട്ടിൽ വിടാൻ വനപാലകർ ശ്രമംനടത്തി. അതിനായി ടോയ്ലറ്റിന്റെ മേൽക്കൂരയിലെ ആസ്ബെസ്റ്റോസ് ഷീറ്റ് മാറ്റി വനപാലകർ ഷീറ്റ് വിരിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വലയും പൊട്ടിച്ച് കുതിച്ചുചാടിയ പുലി കാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.

