ഐഫോൺ മോഷണംപോയി, ദിവസങ്ങൾക്കകം പാസ്വേഡ് ചോദിച്ച് കള്ളന്റെ സന്ദേശം; വൈറലായി യുവതിയുടെ വിഡിയോ
text_fieldsഡെറാഡൂൺ: മോഷ്ടിച്ച സാധനങ്ങൾ തിരികെ കൊണ്ടുവെച്ച് കള്ളന്മാർ മാതൃകയായ വാർത്ത നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ മോഷ്ടിക്കപ്പെട്ട മൊബൈലിന്റെ പാസ്വേഡ് ചോദിച്ച് കള്ളൻതന്നെ സന്ദേശമയച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു അനുഭവം വിവരിക്കുന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ഡെറാഡൂണിലെ കൗശിക്കി ധ്യാനി എന്ന യുവതിക്കാണ് ഒരേ സമയം ദുരിതവും എന്നാൽ രസകരവുമായ അനുഭവം. ഏകദേശം ഒരു മാസം മുമ്പ് സെപ്റ്റംബർ 12നാണ് കൗശിക്കിയുടെ ഐഫോൺ മോഷണം പോയത്. എന്നാൽ, നഷ്ടപ്പെട്ട് ദിവസങ്ങൾക്കകം മോഷ്ടാവ് യുവതിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റയിൽ യുവതി പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഫോണിൽ ലഭ്യമായിരുന്ന കോൺടാക്റ്റ് നമ്പർ ഉപയോഗിച്ചാണ് മോഷ്ടാവ് വാട്സാപിലൂടെയും എസ്.എം.എസിലൂടെയും ഫോണിന്റെ പാസ്വേഡ് ആവശ്യപ്പെട്ടത്. ഈ വിചിത്രമായ അനുഭവത്തെക്കുറിച്ച് കൗശിക്കി തന്റെ ഇൻസ്റ്റാഗ്രാം പേജായ _kaushiki_28ൽ പങ്കുവെച്ച റീലിലൂടെയാണ് പുറംലോകം അറിയുന്നത്.
ഐഫോൺ മോഷണം പോയതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം. പാസ്വേഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചയുടൻ രാത്രി താൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും രാവിലെ വരാൻ ആവശ്യപ്പെട്ട് മടക്കുകയായിരുന്നുവെന്ന് കൗശിക്കി ആരോപിക്കുന്നു. മോഷ്ടാവിന്റെ സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും സി.സി.ടി.വി ദൃശ്യങ്ങളും തെളിവുകളായി നൽകിയിട്ടും പൊലീസ് ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ല. ഡി.ഐ.ടി യൂനിവേഴ്സിറ്റിക്കും ഗ്രാഫിക് എറ യൂനിവേഴ്സിറ്റിക്കും സമീപം നടന്ന മറ്റ് മോഷണങ്ങളിലും ഇതേ വ്യക്തിയാണെന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി.
ലക്ഷക്കണക്കിന് വിലമതിക്കുന്ന ലാപ്ടോപ്പുകളും മാക്ക് ബുക്കുകളും ഫോണുകളും പ്രദേശത്ത് നിന്ന് മോഷണം പോയിട്ടുണ്ടെന്നും, പൊലീസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്നും യുവതി വിഡിയോയിൽ വിമർശിക്കുന്നു. ഐഫോൺ ലോക്ക് ചെയ്താൽ പിന്നെ തുറക്കാനാകില്ലെന്ന കാര്യംപോലും അറിയാത്ത മോഷ്ടാവിനെ പരിഹസിച്ച് കമന്റുകളിലൂടെ നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

