നാടുകാണിയിൽ റോഡിനു കുറുകെ ഓടിയ പുലിയെ ബൈക്കിടിച്ചു; പിന്നീട് സംഭവിച്ചത്... VIDEO
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂർ നാടുകാണി അന്തർ സംസ്ഥാന പാതയിൽ റോഡിനു കുറുകെ ഓടിയ പുലിയെ ബൈക്കിടിച്ചു. പരിക്കേറ്റ് റോഡിൽ തന്നെ കിടന്ന പുലി പിന്നീട് എണീറ്റ് കാട്ടിലേക്ക് ഓടിമറഞ്ഞു. പുലിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ ഗൂഡല്ലൂർ സ്വദേശി രാജേഷിനും പരിക്കേറ്റു. പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അന്തർസംസ്ഥാന പാതയിൽ മരപ്പാലം ഭാഗത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് പുലി റോഡിൽ അനങ്ങാതെ അൽപ്പനേരം കിടന്നിരുന്നു. യാത്രികരായ ചിലർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് പെട്ടെന്ന് പുലി ഓടി കാട്ടിലേക്ക് കയറിയത്.
രാജേഷ് രാവിലെ ഗൂഡല്ലൂരിൽ നിന്നും ദേവാലയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് പുലി റോഡിന് കുറുകെ പാഞ്ഞ് ബൈക്കിൽ ഇടിച്ചത്. പുലി ഓടിരക്ഷപ്പെട്ട ശേഷം പിറകിൽ വന്ന വാഹനത്തിലുള്ളവരും മറ്റും ചേർന്ന് രാജേഷിനെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടക്കുന്ന പുലിയുടെയും ബൈക്കിന്റെയും ദൃശ്യങ്ങൾ അതുവഴി വന്ന വിനോദസഞ്ചാരികൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

