'ഇച്ചിരി മഞ്ഞൾപൊടി, ഒരു ഗ്ലാസ്സ് വെള്ളം, ഫ്ലാഷ് ഓണാക്കിയ ഫോൺ, ഒരു കൊച്ച്'; വൈറലാവാൻ വേറെന്ത് വേണം!
text_fields'ഇച്ചിരി മഞ്ഞൾപൊടി, ഒരു ഗ്ലാസ്സ് വെള്ളം, ലൈറ്റ് ഓണാക്കിയ ഫോൺ, വാപൊളിച്ചു നിൽക്കുന്ന ഒരു കൊച്ച്'- സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ് ഗ്ലാസ്സിലെ വെള്ളത്തിൽ മഞ്ഞൾപൊടിയിടുമ്പോൾ കാണുന്ന കൗതുകക്കാഴ്ചയുടെ വിഡിയോ. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോ കാണാതെ ഒരാൾക്കും കടന്നുപോകാനാവില്ല. ഇൻസ്റ്റയിലും ഫേസ്ബുക്കിലും യൂട്യൂബിലും വാട്സാപ്പ് സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞുനിൽക്കുകയാണ് മഞ്ഞൾപൊടി പരീക്ഷണം.
മൊബൈൽ ഫോണിന്റെ ഫ്ലാഷ് ഓണാക്കി അതിന് മുകളിൽ വെള്ളം നിറച്ച ഒരു ഗ്ലാസ്സ് വെച്ച് അതിലേക്ക് മഞ്ഞൾപൊടി പതുക്കെ ഇടുകയാണ് ചെയ്യുക. ഗ്ലാസ്സിന്റെ അടിഭാഗത്തെ മൊബൈൽ ഫ്ലാഷിൽ നിന്നു വരുന്ന വെളിച്ചം മഞ്ഞൾപൊടിയിൽ തട്ടി മനോഹരമായ തിളക്കമുണ്ടാകും. ആരുമൊന്ന് കൗതുകപ്പെടുന്ന ഈ ദൃശ്യമാണ് ട്രെൻഡിങ്. കൊച്ചുകുഞ്ഞുങ്ങൾ ഈ മഞ്ഞ ലൈറ്റ് കണ്ട് വിസ്മയിച്ച് കണ്ണുമിഴിക്കുന്ന റീലുകളാണ് അധികം പേരും അപ്ലോഡ് ചെയ്യുന്നത്.
ഈ കൗതുകത്തിന് പിന്നിൽ ഒരു ശാസ്ത്രീയ വശം കൂടിയുണ്ട്. മഞ്ഞൾപൊടിക്ക് മഞ്ഞ നിറം നൽകുന്ന കുർക്കുമിൻ എന്ന ഘടകമുണ്ട്. ഇതാണ് കടുത്ത മഞ്ഞനിറം നൽകുന്നത്. ഇതിനോടൊപ്പം പ്രകാശത്തിന് സംഭവിക്കുന്ന ചിതറലും (സ്കാറ്ററിങ്) കണികകളിൽ കൂടി കടന്നുപോകുമ്പോഴുള്ള ടിൻഡാൽ എഫക്ടും കൂടിയാകുമ്പോൾ കാഴ്ച അതിമനോഹരമാകുന്നു.
കേരളത്തിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വൈറലാണ് ഇത്തരം വിഡിയോകൾ. മഞ്ഞൾ കൂടാതെ വിറ്റാമിൻ ബി2 ഗുളികൾ പൊടിച്ചാണ് പലതിലും ഉപയോഗിക്കുന്നതായി കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

