കൂറ്റൻ മലയാടിനെ വേട്ടയാടുന്ന ഹിമപ്പുലി; ലോകത്തിലെ ഏറ്റവും പ്രതികൂല ആവാസ വ്യവസ്ഥയിലെ അപൂർവ കാഴ്ച്ച; വിഡിയോ
text_fieldsവൈറലായ വിഡിയോ ദൃശ്യങ്ങളിൽ നിന്ന്
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിലെ മഞ്ഞ് പുതച്ച കിബ്ബർ ഗ്രാമത്തിൽ നിന്നുള്ള വേട്ടയാടൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് നിമിഷമെന്നാണ് ഈ പോരാട്ടത്തെ കാമറയിൽ പകർത്തിയ ആൻഡ്രസ് നോവൽസ് വിശേഷിപ്പിച്ചത്.
കനത്ത മഞ്ഞുവീഴ്ച കാരണം രണ്ട് ദിവസത്തേക്ക് ആ പ്രദേശം മഞ്ഞുമൂടിയ നിലയിലായിരുന്നു. കിബ്ബർ യാത്രയുടെ അവസാന ദിവസം ഉച്ചകഴിഞ്ഞാണ് താൻ ഈ ദൃശ്യങ്ങൾ പകർത്തിയതെന്ന് ആൻഡ്രസ് നോവൽസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രതികൂലമായ വന്യജീവി ആവാസ വ്യവസ്ഥകളിലൊന്നിലെ അപൂർവ കാഴ്ചയായിരുന്നു അത്.
തന്റെ രണ്ട് കുഞ്ഞുങ്ങളെ ഒരു മലയിടുക്കിന്റെ അടിയിൽ സുരക്ഷിതരാക്കിയ ശേഷമാണ് പെൺ ഹിമപ്പുലി ഒരു കൂട്ടം മലയാടുകളെ ലക്ഷ്യം വച്ച് നീങ്ങിയത്. പുലി മഞ്ഞിലൂടെ പതുക്കെ നിശബ്ദമായി നീങ്ങുന്നതും തീവ്രമായ ശ്രദ്ധയോടെ ആട്ടിൻകൂട്ടത്തെ സമീപിക്കുന്നതും കണ്ടു. അവൾ ഏറ്റവും വലിയ മലയാടിനെ തന്നെ തിരഞ്ഞെടുത്ത് ആക്രമണം ആരംഭിച്ചുവെന്നും ആൻഡ്രസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പുലി മലയാടിനെ കീഴടക്കുമെന്ന് തോന്നുമെങ്കിലും മലയാട് തന്റെ ജീവനും കൊണ്ട് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പക്ഷെ അപ്പോഴും പുലി മലയാടിനുമേലുള്ള തന്റെ പിടുത്തം വിട്ടിരുന്നില്ല. പാറകളിലൂടെയും മഞ്ഞിലൂടെയും ഇരുവരും പലതവണ ഉരുണ്ടുവീണു.
അവസാന നിമിഷങ്ങളിൽ, ഹിമപ്പുലിക്ക് പിടിത്തം നഷ്ടപ്പെട്ടു. ഇത് മലയാടിന് രക്ഷപ്പെടാൻ സഹായകമായി. പുലി വീണ്ടും ഓടിയെങ്കിലും പിന്നീട് വേട്ട അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഹിമപ്പുലിയുടെ വേട്ടയാടൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

