'അത് കഥകളിയല്ല ഒഡീസി നൃത്തമാണ്' -തരൂരിനെ തിരുത്തി സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: 'നൃത്തത്തെ കുറിച്ച് വലിയ പിടിയില്ല അല്ലേ?' -ശശി തരൂർ എം.പിയോട് നെറ്റിസൺസ് ചോദിച്ചതാണ് ഇത്. അതിനൊരു കാരണമുണ്ട്. ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചൊരു നൃത്തരംഗത്തിന്റെ ചിത്രം. അതിന്റെ അടിക്കുറിപ്പിൽ കഥകളി എന്നാണ് പറയുന്നത്. പക്ഷേ, അത് ഒഡീസി നൃത്തത്തിന്റെ ചിത്രമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അതൊരു ചർച്ചയാകാൻ അധികനേരം വേണ്ടിവന്നുമില്ല.
ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു വാട്സാപ്പ് തമാശയാണ് തരൂർ പങ്കുവെച്ചത്. വാട്സാപ്പിൽ വന്ന സന്ദേശമാണെന്നും ഷെയർ ചെയ്യാതിരിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. നാല് നർത്തകിമാരാണ് ചിത്രത്തിലുള്ളത്. 'കഥകളി നർത്തകർ പോലും മൂന്ന് സ്ലിപ്പിനെയും ഒരു ഗള്ളിയെയും അനുസ്മരിപ്പിക്കുന്ന ചുവടുകളാണ് വെക്കുന്നത്' എന്നായിരുന്നു ചിത്രത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ, അതിലുള്ളത് ഒഡീസി നർത്തകരാണ്.
'നൃത്തത്തെക്കുറിച്ച് ഒന്നുമറിയില്ല, അല്ലേ' എന്ന കമന്റാണ് പലരും ചോദിച്ചിരിക്കുന്നത്. പലരും കഥകളിയുടെ ചിത്രങ്ങളും ട്വീറ്റിന് താഴെ പങ്കുവെച്ചു. 'കേരളത്തിൽ നിന്നുള്ള നിങ്ങൾക്ക് കഥകളി എങ്ങനെയാണെന്ന് അറിയില്ല. കുറച്ച് സമയമെങ്കിലും കേരളത്തിലെ കലാരൂപങ്ങൾക്കായി മാറ്റിവെക്കണം' എന്നായിരുന്നു ഒരാളുടെ കമന്റ്.