'ലോക്സഭ ആകർഷണീയമല്ലെന്ന് ആര് പറഞ്ഞു'; വൈറലായി തരൂരിന്റെ ട്വീറ്റ്, വിമർശനം
text_fieldsകോൺഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച ലോക്സഭയിലെ വനിത എം.പിമാർക്കൊപ്പമുള്ള ചിത്രം വൈറലായിരിക്കുകയാണ്. അതേസമയം, ശശി തരൂരിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഇതോടെ, ചിത്രത്തിന് വിശദീകരണവുമായി തരൂരിന് രംഗത്ത് വരേണ്ടിവന്നു.
അഞ്ച് വനിതാ എം.പിമാരോടൊപ്പം എടുത്ത സെൽഫിക്ക് നൽകിയ അടിക്കുറിപ്പാണ് തരൂരിനെ പുലിവാലു പിടിപ്പിച്ചത്. 'ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ല ലോക്സഭ എന്ന് ആരു പറഞ്ഞു' എന്നായിരുന്നു തരൂർ നൽകിയ അടിക്കുറിപ്പ്. എം.പിമാരായ സുപ്രിയ സുലേ, പ്രണീത് കൗർ, തമിഴാച്ചി തങ്കപാണ്ഡ്യൻ, നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി, ജ്യോതിമണി എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് തരൂർ പങ്കുവെച്ചത്.
എന്നാൽ, ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തുകയായിരുന്നു. 'ജോലി സ്ഥലത്തെ ആകർഷണീയമാക്കാനുള്ള അലങ്കാര വസ്തുക്കളല്ല സ്ത്രീകൾ' എന്നായിരുന്നു ഒരു കമന്റ്. അവരും പാർലമെന്റേറിയൻമാരാണെന്നും അവരെ അവമതിച്ചിരിക്കുകയാണ് തരൂരെന്നും ചിലർ ചൂണ്ടിക്കാട്ടി. ട്വീറ്റിന് മേൽ വാദപ്രതിവാദങ്ങൾ കടുത്തതോടെ വിശദീകരണവുമായി തരൂർ തന്നെ രംഗത്തെത്തുകയായിരുന്നു.
വനിതാ എം.പിമാർ മുൻകൈയെടുത്താണ് സെൽഫി പകർത്തിയതെന്നും ട്വീറ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നെന്നും തരൂർ വ്യക്തമാക്കി. ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും, അതേസമയം ജോലിസ്ഥലത്തെ ഈ സൗഹൃദത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
