അസാധാരണ കൈയടക്കം; കുട്ടി ജാലവിദ്യക്കാരന്റെ മാജിക് കണ്ടത് കോടിക്കണക്കിന് പേർ VIDEO
text_fieldsന്യൂഡൽഹി: കുട്ടികൾക്ക് മാജിക് എന്നും അത്ഭുതമാണ്. കുട്ടിക്കാലത്ത് മാജിക് കാണുമ്പോൾ ഒരോ തവണയും ആശ്ചര്യത്തോടെ നമ്മൾ നോക്കിനിൽക്കാറുണ്ട്. അതിന്റെ രഹസ്യങ്ങളറിയാതെ കുട്ടികൾക്ക് പിന്നെ ഉറക്കം വരാറില്ല. അസാധാരണമായ കൈയടക്കത്തോടെ കൂട്ടുകാർക്കിടയിൽ നിന്നുകൊണ്ട് മാജിക് കാണിച്ച് കൈയടി നേടിയ കുട്ടി ജാലവിദ്യക്കാരനാണിപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം.
ഇരു കൈകളിലായുള്ള ചെറുകല്ലുകൾ ആരുമറിയാതെ ഞൊടിയിടയിൽ ഒരു കൈയിലേക്ക് മാറ്റുന്ന ജാലവിദ്യയാണ് ഈ കൊച്ചുമിടുക്കൻ കൂട്ടുകാരുടെ മുന്നിൽ ചെയ്തുകാണിക്കുന്നത്. ആദ്യം രണ്ടു കൈകളിലുള്ള കല്ലുകൾ കാണിക്കുന്നു. പിന്നീട് വളരെ വേഗത്തിൽ കൈകൾ രണ്ടും ബെഞ്ചിലേക്ക് കമഴ്ത്തിവെക്കുന്നു. ഉടൻ തന്നെ കൈകൾ തുറന്നുകാണിക്കുമ്പോൾ ഇടത്തെ കൈയിലെ കല്ല് അപ്രത്യക്ഷമായി!
വലത്തെ കൈ തുറക്കുമ്പോൾ അതിൽ രണ്ടു കല്ലുകളും കാണാം. ഇടത്തെ കൈയിലെ കല്ല് ആരുമറിയാതെ വലത്തെ കൈയിലെത്തിച്ചുള്ള കൂട്ടുകാരന്റെ മാസ്മരിക പ്രകടനത്തിൽ ആശ്ചര്യപ്പെട്ട് നോക്കിനിൽക്കുന്ന സഹപാഠികളെയും വീഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം 12.8 കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഭാവിയിൽ മികച്ചൊരു മജീഷ്യനായി കുട്ടി മാറുമെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. വടക്കേന്ത്യയിൽനിന്നുള്ള വീഡിയോ ഏതു സ്കൂളിലേതാണെന്നോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.

