‘ഇത് ടീം ഇന്ത്യയാണ്, സഞ്ജുവുണ്ട്, സിറാജുണ്ട്, അർഷ്ദീപുണ്ട്...’; ട്വന്റി20 ലോകകപ്പുമായി ക്ഷേത്ര ദർശനം നടത്തിയതിനെതിരെ സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: ട്വന്റി20 ലോകകപ്പ് ഫൈനലിനു പിന്നാലെ ജേതാക്കൾക്കുള്ള ട്രോഫിയുമായി ഇന്ത്യൻ ടീം നായകൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും ഐ.സി.സി ചെയർമാൻ ജയ് ഷാക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയതിനെ വിമർശിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ലോകകപ്പ് വിജയം എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ മാത്രം നേട്ടമല്ലെന്നും അത് രാജ്യത്തെ 140 കോടി ഇന്ത്യക്കാരുടെ പ്രാർഥനയുടെയും പ്രതീക്ഷയുടെയും ഫലമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഈ വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. ഇത് 'ടീം ഇന്ത്യ' ആണ്.. ഈ ടീമിൽ നമ്മുടെ സ്വന്തം സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരുണ്ട്. ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഒരേ ലക്ഷ്യത്തിനായി, ഒരേ ജഴ്സിയണിഞ്ഞ് മൈതാനത്ത് പൊരുതിയപ്പോഴാണ് ആ കപ്പ് നമ്മുടെ കൈകളിലെത്തിയത്. ആ വൈവിധ്യമാണ് ഇന്ത്യയുടെ യഥാർഥ കരുത്തെന്നും സന്ദീപ് പറയുന്നു.
ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ, പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകാൻ ഇവർ തയാറാകുമോ? ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നൽകുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാണ്. വിവേചനമില്ലാത്ത സ്നേഹമാണ് ത്രിവർണ്ണ പതാക നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് വേണ്ടത് വിഭജിക്കപ്പെട്ട മനസ്സുകളല്ല, മറിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇന്ത്യയെയാണ്. ത്രിവർണ പതാകയുടെ ആ മൂന്ന് നിറങ്ങളും ചേരുമ്പോഴാണ് അത് പൂർണമാകുന്നത് എന്ന് മറക്കരുത്. ഇന്ത്യ എന്ന വികാരമാകട്ടെ നമ്മുടെ ഐക്യത്തിന്റെ കരുത്തെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
നേരത്തെ, തൃണമൂൽ കോൺഗ്രസ് എം.പിയും 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്ന കീർത്തി ആസാദ്, കോൺഗ്രസ് എം.പി താരീഖ് അൻവർ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തുവന്നിരുന്നു. ഞായാറാഴ്ച രാത്രി നടന്ന ഫൈനലിനു പിന്നാലെയാണ് സൂര്യയും ഗംഭീറും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷാക്കൊപ്പം ട്രോഫിയുമായി അഹ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റണ്ണിന് തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടമാണിത്.
സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണ രൂപം;
‘ലോകകപ്പ് വിജയം എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ മാത്രം നേട്ടമല്ല. അത് 140 കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനയുടെയും പ്രതീക്ഷയുടെയും ഫലമാണ്. എന്നാൽ, ആ വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാതെ വയ്യ.
അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ലോകകപ്പുമായി ജയ് ഷായുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനം ചില ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്:
ഇത് 'ടീം ഇന്ത്യ' ആണ്..
ഈ ടീമിൽ നമ്മുടെ സ്വന്തം സഞ്ജു സാംസൺ ഉണ്ട്, മുഹമ്മദ് സിറാജുണ്ട്, അർഷ്ദീപ് സിംഗുണ്ട്. ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഒരേ ലക്ഷ്യത്തിനായി, ഒരേ ജേഴ്സിയണിഞ്ഞ് മൈതാനത്ത് പൊരുതിയപ്പോഴാണ് ആ കപ്പ് നമ്മുടെ കൈകളിലെത്തിയത്. ആ വൈവിധ്യമാണ് ഇന്ത്യയുടെ യഥാർത്ഥ കരുത്ത്.
നമ്മുടെ രാജ്യം വിശ്വസിക്കുന്നത് 'സർവ്വധർമ്മ സമഭാവന'യിലാണ്. ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ, പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകാൻ ഇവർ തയ്യാറാകുമോ? ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നൽകുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാണ്. വിവേചനമില്ലാത്ത സ്നേഹമാണ് ത്രിവർണ്ണ പതാക നമ്മെ പഠിപ്പിക്കുന്നത്.
കായികരംഗത്തെ വിജയങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയായ പ്രവണതയല്ല. മൈതാനത്തെ വിയർപ്പിനും കഠിനാധ്വാനത്തിനും മതമില്ല. ആ വിജയം എല്ലാ ഇന്ത്യക്കാർക്കും ഒരേപോലെ അവകാശപ്പെട്ടതാണ്.
നമുക്ക് വേണ്ടത് വിഭജിക്കപ്പെട്ട മനസ്സുകളല്ല, മറിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇന്ത്യയെയാണ്. ത്രിവർണ്ണ പതാകയുടെ ആ മൂന്ന് നിറങ്ങളും ചേരുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്ന് മറക്കരുത്. ഇന്ത്യ എന്ന വികാരമാകട്ടെ നമ്മുടെ ഐക്യത്തിന്റെ കരുത്ത്’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

