ഗോവയിൽ പാരാസെയിലിങ്ങിനിടെ കയർ പൊട്ടി അപകടം; കടലിൽ പതിച്ച വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി -വിഡിയോ
text_fieldsപനാജി: ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിങ്ങിനിടെ കയർപൊട്ടി അപകടം. കടലിൽ പതിച്ച വിനോദസഞ്ചാരിയെ ഉടൻ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. സഞ്ചാരി വായുവിലായിരിക്കെ പാരച്യൂട്ട് ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പെട്ടെന്ന് വേർപ്പെടുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബോട്ടിൽനിന്ന് പാരച്യൂട്ട് ഉയർന്നുപൊങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബലമുള്ള കയർ അപ്രതീക്ഷിതമായി പൊട്ടിയത്. ഈ സമയം ബോട്ടിലുണ്ടായിരുന്നവർ നിലവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ബോട്ടിലെ ജീവനക്കാർ ഒപ്പമുള്ളവർക്ക് നിർദേശം നൽകുന്നുണ്ടായിരുന്നു. വായുവിൽ നിയന്ത്രണംവിട്ട പാരച്യൂട്ട് പിന്നീട് കടലിലേക്ക് താഴ്ന്നു. ലൈഫ് ഗാർഡുകളും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ സഞ്ചാരിയെ സുരക്ഷിതമായി കരക്കെത്തിച്ചു. വിനോദസഞ്ചാരികൾ എക്സിൽ പങ്കുവെച്ച അപകടത്തിന്റെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
"സിന്ദഗി നാ മിലേഗി ദുബാര" എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് പലരും കമന്റുകളിൽ കുറിച്ചു. തായ്ലൻഡിലെ ഫുക്കറ്റിലും സമാനമായ അനുഭവം ഉണ്ടായതായി ചില വിദേശ സഞ്ചാരികളും വിഡിയോയ്ക്ക് താഴെ പ്രതികരിച്ചു. ഗോവയിലെ ബീച്ചുകളിൽ സാഹസിക വിനോദങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

