ഓഫ് സീസണിലും പതിനായിരങ്ങൾ, ദിവസ വരുമാനം 15,000 രൂപ വരെ; മാഗി വിൽപ്പനക്കാരന്റെ വരുമാനം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
text_fieldsമാഗി വിൽപ്പന
ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രശസ്തമായ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോത്താങ് പാസിൽ ഒരു റോഡരികിലെ കച്ചവടക്കാരൻ നടത്തുന്ന കച്ചവടത്തിന്റെ കണക്ക് കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഓഫ് സീസണിൽ പോലും, വിനോദസഞ്ചാരികളുടെ തിരക്ക് താരതമ്യേന കുറവുള്ള സമയത്ത് പോലും, ദിവസം 14,000 മുതൽ 15,000 രൂപ വരെ വിറ്റുവരവ് നടത്തുന്നുവെന്നാണ് ഇവിടുത്തെ ഒരു മാഗി വിൽപ്പനക്കാരൻ വെളിപ്പെടുത്തിയത്.
ഒരു കണ്ടന്റ് ക്രിയേറ്റർ തന്റെ സംഭാഷണം ഓൺലൈനിൽ പങ്കുവെച്ചതോടെയാണ് ഈ കണക്കുകൾ പലരെയും അത്ഭുതപ്പെടുത്തിയത്. കണ്ടന്റ് ക്രിയേറ്ററായ ഹർഷ് ചൗഹാൻ റോത്താങ് പാസ് സന്ദർശിച്ചപ്പോഴാണ് മാഗി വിൽപ്പനക്കാരനോട് ഓഫ് സീസണിലെ ബിസിനസ്സ് എത്രയുണ്ടെന്ന് ചോദിച്ചത്.
താൻ ദിവസവും 60 മുതൽ 70 വരെ പ്ലേറ്റ് മാഗി വിൽക്കുന്നുണ്ടെന്നും, ഓരോ പ്ലേറ്റിനും 100 രൂപയാണ് വിലയെന്നും. കൂടാതെ ദിവസം ഏകദേശം 200 കപ്പ് ചായയും വിൽക്കുന്നു. ഒരു കപ്പിന് 40 രൂപ വീതം. ഇതിന് പുറമെ മുട്ടയും പ്രത്യേകമായി വിൽക്കുന്നുണ്ട്. ഈ കണക്കുകൾ പ്രകാരം, മാഗി വിൽപ്പനയിൽ നിന്ന് മാത്രം 6,000 മുതൽ 7,000 രൂപ വരെയും, ചായയിൽ നിന്ന് 8,000 രൂപയുമാണ് ദിവസേന ലഭിക്കുന്നത് എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി.
ഇതോടെ ആകെ വിറ്റുവരവ് 14,000 മുതൽ 15,000 രൂപ വരെയാകും. വിഡിയോക്കൊപ്പം നൽകിയ അടിക്കുറിപ്പിൽ, വിനോദസഞ്ചാര തിരക്ക് ഇതുവരെ തുടങ്ങിയിട്ടില്ലാത്ത സമയത്താണ് ഈ വിറ്റുവരവ് എന്നത് ശ്രദ്ധേയമാണെന്ന് ചൗഹാൻ ചൂണ്ടിക്കാട്ടി. പീക്ക് സീസണിൽ ഈ കടയിൽ എത്ര വരുമാനം ലഭിക്കുമെന്നും അദ്ദേഹം അത്ഭുതപ്പെട്ടു.
വിഡിയോ വൈറലായതോടെ റോഡരികിലെ ബിസിനസ്സുകളുടെ, പ്രത്യേകിച്ച് മലയോര മേഖലകളിലെ, വരുമാന സാധ്യതകളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയായി. പല ഉപയോക്താക്കളും ഈ കണക്കുകളിൽ മതിപ്പ് പ്രകടിപ്പിച്ചപ്പോൾ, മറ്റു ചിലർ ചൂണ്ടിക്കാട്ടിയത് 14,000-15,000 രൂപ വിറ്റുവരവാണെന്നും ലാഭമല്ലെന്നുമാണ്.
ചേരുവകൾ, സാധനങ്ങൾ, ഗതാഗതം, ഉയർന്ന പ്രദേശത്ത് കഠിനമായ കാലാവസ്ഥയിൽ ഒരു കട നടത്തുന്നതിലെ വെല്ലുവിളികൾ തുടങ്ങിയ ചെലവുകൾ കണക്കിലെടുക്കേണ്ടതുണ്ട് എന്നും അവർ പറയുന്നു. വിനോദസഞ്ചാരികൾക്ക്, ഈ കട ചൂടുള്ള മാഗിയുടെയും ചായയുടെയും രൂപത്തിൽ പരിചിതമായ ഒരു മലയോര ആശ്വാസം നൽകുന്നു.

