ആനക്കൂട്ടത്തിന് വഴിയൊരുക്കി രാജ്ധാനി എക്സ്പ്രസ്: വനപാലകരുടെയും ലോക്കോ പൈലറ്റിന്റെയും സമയോചിത ഇടപെടലിന് കൈയടി VIDEO
text_fieldsവനപാലകർ ആനക്കൂട്ടത്തിന് വഴി ഒരുക്കുന്നു
ഡിസ്പൂർ (അസം): അസമിലെ ഹോജായ് ജില്ലയിൽ കാട്ടാനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് സുരക്ഷിതമായി മുറിച്ചുകടക്കാൻ രാജ്ധാനി എക്സ്പ്രസ് നിർത്തിയിട്ടു. ബുധനാഴ്ച രാവിലെയാണ് അപൂർവ്വവും ഹൃദ്യവുമായ സംഭവം നടന്നത്. വനപാലകരുടെ കർശന ജാഗ്രതയും വടക്കുകിഴക്കൻ റെയിൽവേയുടെ (എൻ.എഫ്.ആർ) കൃത്യമായ ഏകോപനവുമാണ് ആനകളുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
ബുധനാഴ്ച രാവിലെ ഹോജായ് ജില്ലയിലെ ലങ്കയ്ക്ക് സമീപമുള്ള ഹവായിപൂർ പ്രദേശത്ത് ആനക്കൂട്ടം റെയിൽവേ ട്രാക്കിന് സമീപം എത്തിയത് പട്രോളിങ്ങിലുണ്ടായിരുന്ന വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ സമയം ഡൗൺ രാജ്ധാനി എക്സ്പ്രസ് ആ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു.
ഉടൻ തന്നെ വനപാലകരും ലുംഡിങ് റെയിൽവേ കൺട്രോൾ റൂമും ലോക്കോ പൈലറ്റും ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകുകയും തീവണ്ടി നിർത്തിയിടുകയും ചെയ്തു. ലോക്കോ പൈലറ്റിന്റെയും വനപാലകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കാരണം ആനക്കൂട്ടം യാതൊരുവിധ അപകടങ്ങളുമില്ലാതെ സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടന്നു. ആനകൾ സുരക്ഷിതമായി കടന്നുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ട്രെയിൻ വീണ്ടും യാത്ര പുനരാരംഭിച്ചത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമമായ 'എക്സിൽ' പങ്കുവെച്ചുകൊണ്ട് അസം വനം വകുപ്പ് മന്ത്രി ജയന്ത മല്ല ബറുവ വനപാലകരുടെ സേവനത്തെ പ്രശംസിച്ചു. വന്യജീവികളുടെ സംരക്ഷണത്തിനായി രാപ്പകലില്ലാതെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വനപാലകരുടെ നിശബ്ദ സേവനങ്ങൾ ഓരോന്നും വിലമതിക്കാനാവാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ ഹൃദ്യമായ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

