തളർന്നു കിടക്കുന്ന ‘ഫ്ലാഷി’ന് ആശ്വാസമായി റാഹിൽ; ഹൃദയം തൊടുന്ന വിഡിയോ പങ്കുവെച്ച് താരം
text_fieldsവളർത്തുനായയായ ഫ്ലാഷിന്റെ അരികിൽ റാഹിൽ
മുംബൈ: സിനിമ തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തിലെ കൊച്ചുവിശേഷങ്ങൾ പങ്കുവെക്കാറുള്ള നടി ജെനീലിയ ഡിസൂസയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാണിപ്പോൾ. തന്റെ പ്രിയപ്പെട്ട വളർത്തുനായ 'ഫ്ലാഷ്' അസുഖം ബാധിച്ച് അവശനായി കിടക്കുമ്പോൾ, അവനെ തനിച്ചാക്കാതെ അരികിൽ തന്നെ കൂട്ടിരിക്കുന്ന മകൻ റാഹിലിന്റെ ദൃശ്യങ്ങളാണ് നടി പങ്കുവെച്ചത്. മൃഗങ്ങളോടുള്ള ഒരു കുരുന്നിന്റെ കലർപ്പില്ലാത്ത സ്നേഹമാണ് ഈ വിഡിയോയിൽ.
അസുഖം കാരണം തളർന്നുകിടക്കുന്ന ഫ്ലാഷിന്റെ അരികിൽനിന്ന് മാറാൻ റാഹിൽ തയാറാകുന്നില്ല. അവന് ആശ്വാസം പകർന്ന് മണിക്കൂറുകളോളമാണ് റാഹിൽ അവിടെ ചെലവഴിച്ചത്. "ഫ്ലാഷിന് സുഖമില്ലാതെ വരുമ്പോൾ അവനെ തനിച്ചാക്കാതെ റാഹിൽ കൂടെയുണ്ടാകും- ജെനീലിയ വിഡിയോക്ക് താഴെ കുറിച്ചതിങ്ങനെയാണ്.
ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖിന്റെയും ജെനീലിയയുടെയും രണ്ടാമത്തെ മകനാണ് റാഹിൽ. അടുത്തിടെ നടന്ന ഒരു ഫുട്ബാൾ ടൂർണമെന്റിൽ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയ റാഹിലിന്റെ ചിത്രം ജെനീലിയ പങ്കുവെച്ചിരുന്നു. മകന്റെ ഫുട്ബാൾ കരിയറിനായി ഓടിനടക്കുന്നത് തങ്ങളെ തളർത്താറുണ്ടെങ്കിലും അവന്റെ പുഞ്ചിരി കാണുമ്പോൾ അതെല്ലാം മറക്കുമെന്നാണ് അന്ന് താരം പറഞ്ഞത്. ഫുട്ബാൾ മൈതാനത്തെ ആ വീര്യത്തിന് പുറമെ, തന്റെ പ്രിയപ്പെട്ട വളർത്തുനായോടുള്ള റാഹിലിന്റെ ഈ കരുതൽ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്.
കുട്ടികളെ വളർത്തുമ്പോൾ അവർക്ക് നൽകേണ്ട ഏറ്റവും വലിയ പാഠം സഹാനുഭൂതിയും സ്നേഹവുമാണെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു വിഡിയോയിലൂടെ ജെനീലിയയും കുടുംബവുമെന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

