പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വനം; സർക്കാറിന് ഇരട്ട നീതി: ആർ. ശ്രീലേഖ
text_fieldsആർ. ശ്രീലേഖ
തിരുവനന്തപുരം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പുനലൂർ പൊലീസ് കേസ് എടുത്തതിനെ സർക്കാറിന്റെ ഇരട്ട നീതിയെന്ന് വിശേഷിപ്പിച്ച് ശ്രീലേഖ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ശ്രീലേഖ സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം നൽകിയ പരാതിയിലാണ് പുനലൂർ പൊലീസ് ശ്രീലേഖക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസ് നേരിട്ട് എടുക്കാത്ത മാനനഷ്ട കേസ്. അതേസമയം, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് ക്രിമിനൽ കുറ്റമായ കലാപാഹ്വനം! ഇത് സർക്കാരിന്റെ ഇരട്ട നീതി!' എന്നാണ് ശ്രീലേഖ പങ്കുവെച്ചത്.
പുനലൂർ പൊലീസ് സ്റ്റേഷനിൽ കൂടാതെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, കൊല്ലം റൂറൽ എസ്.പി എന്നിവർക്കും വിഷ്ണു സുനിൽ പരാതി നൽകിയിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസംഗമെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡ്യ സഖ്യവുമായി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണെന്നും മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമാണ് ശ്രീലേഖ നടത്തിയ പരാമർശം. പുനലൂരിൽ നടന്ന ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്.
'ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തിൽ നന്ദി പറയുകയാണ് വേണ്ടത്. എൽഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തീകരിച്ചത്. എന്നിട്ടിപ്പോ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ? അവരോടൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. രാഹുൽ ഗാന്ധി പറയുന്നത് താണ്ഡവമാണെന്നാണ്. ഇത് വേറെ ലെവലിലുള്ളതാണ്. എന്താണ് അദ്ദേഹമവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്? മയക്കുമരുന്ന് അമിതമായ അളവിൽ ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമില്ലേ താണ്ഡവം. അതാണ് അദ്ദേഹമവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കൂടെയുള്ളവരെ തള്ളിമാറ്റി അടിച്ചുപരത്തി, കുപ്പിയൊക്കെ വലിച്ചെറിഞ്ഞ് ഡൽഹി ആകെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്’ -ശ്രീലേഖ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

