‘പൈലറ്റിന്റെ അമ്മയായത് അഭിമാനകരമാണ്, ആ സന്തോഷം ഇപ്പോൾ ഇരട്ടിയാകുന്നു’; മകൻ പൈലറ്റായ വിമാന യാത്രാനുഭവം പങ്കുവെച്ച് അമ്മ -വിഡിയോ
text_fieldsന്യൂഡൽഹി: പൈലറ്റായ മകൻ പറത്തുന്ന വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അമ്മ. അമ്മയുടെ അഭിമാന നിമിഷം ഇൻസ്റ്റഗ്രാമിൽ വിഡിയോയായി പങ്കുവെച്ചതോടെ കാഴ്ചക്കാരുടെയും മനസുനിറഞ്ഞു. മകൻ നിയന്ത്രിക്കുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ച അമ്മയായ നീതു ഭദാനയുടെ അനുഭവമാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു.
വിമാനത്തിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന നീതുവിനെ വീഡിയോയിൽ കാണാം. വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ, ആ വിമാന യാത്ര വളരെ പ്രത്യേകമായി തോന്നിയെന്ന് അവർ കുറിച്ചു. ‘ഈ വിമാനത്തിന്റെ പൈലറ്റ് എന്റെ മകനാണ്. ഇന്ന് ബി -777 വിമാനത്തിന്റെ ഈ ജനാലയിലൂടെ ലോകത്തെ കാണുമ്പോൾ അതൊരു വ്യത്യസ്ത അനുഭവമാണ്. അവൻ ഈ ഉയരത്തിലെത്താൻ പിന്നിൽ നിന്ന പ്രാർഥനകളും ത്യാഗങ്ങളും സ്വപ്നങ്ങളും ഓർമിക്കുന്നു’ വീഡിയോയിൽ നീതു കുറിച്ചു. മകൻ ബോയിങ് 777 വിമാനത്തിന്റെ പൈലറ്റാണെന്നും അവർ അഭിമാനത്തോടെ പറയുന്നു.
‘ഒരു പൈലറ്റിന്റെ അമ്മയായത് തന്നെ അഭിമാനകരമാണ്. എന്നാൽ എന്റെ മകനാണ് ഈ വിമാനം നിയന്ത്രിക്കുന്നത് എന്നറിയുമ്പോൾ ആ സന്തോഷം ഇരട്ടിയാകുന്നു. വിശ്വാസവും കഠിനാധ്വാനവും പ്രാർഥനകളും ഒരാളെ എത്ര ഉയരങ്ങളിലേക്ക് എത്തിക്കാമെന്ന് ഇത് ഓർമിപ്പിക്കുന്നു’ എന്നും നീതു വിഡിയോയിൽ കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് അമ്മക്കും മകനും അഭിനന്ദനങ്ങളുമായി എത്തിയത്. ‘ഏതു അമ്മക്കും ലഭിക്കാവുന്ന ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിൽ ഒന്ന്’, ‘ഒരു അമ്മയുടെ പ്രാർഥനകളാണ് മക്കളുടെ ഏറ്റവും വലിയ ചിറകുകൾ‘ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

