'റീൽ അല്ല, റിയൽ'; ക്ലാസ് മുറിയിൽ വിദ്യാർഥിയെ വിവാഹം കഴിച്ച് പ്രഫസർ -അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ കോളജിൽ പ്രഫസറും വിദ്യാർഥിയും തമ്മിൽ വിവാഹിതരായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിവാഹത്തിന്റെ ഭാഗമായുള്ള ഹൽദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്.
കൊൽക്കത്തയിൽ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. മൗലാന അബുൽ കലാം ആസാദ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്. കോളജിലെ സൈക്കോളജി ഡിപാർട്മെന്റിലെ പ്രഫസർ പായൽ ബാനർജിയാണ് വധുവിന്റെ വേഷത്തിലുള്ളത്.
എന്നാൽ യഥാർഥ വിവാഹമല്ല നടന്നത് എന്നാണ് പായലിന്റെ വിശദീകരണം. അക്കാദമിക പരിശീലനത്തിന്റെ ഭാഗമായുള്ള പരിപാടിയാണ് നടന്നതെന്നും അവർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളജ് അധികൃതർ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്താതെ നടപടിയെടുക്കാനാകില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
വിഡിയോക്ക് നിരവധിയാളുകൾ പ്രതികരിച്ചിട്ടുണ്ട്. വിദ്യാർഥി പ്രഫസറുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതടക്കം വിഡിയോയിലുണ്ട്. വിവാഹചടങ്ങിന് സാക്ഷികളായി വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് മൂന്ന്പേരാണുണ്ടായിരുന്നത്.
വർഷങ്ങളായി കോളജിലെ ഫിസിയോളജി അധ്യാപകയാണ് പായൽ. ക്ലാസിൽ വിവാഹത്തെ കുറിച്ച് വിശദീകരിക്കാനായുള്ള വിഡിയോ മാത്രമാണിതെന്നാണ് പ്രഫസർ പറയുന്നത്. ക്ലാസ്റൂമിൽ ചിത്രീകരിച്ച വിഡിയോ ആരോ മനപൂർവം പുറത്തുവിടുകയായിരുന്നുവെന്നും അവർ ആരോപിച്ചു. വിവാദത്തിൽ വരന്റെ വേഷമിട്ട വിദ്യാർഥിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

