നാട മുറച്ചശേഷം ജനപ്രതിനിധികൾ വെള്ളത്തിൽ; അങ്ങാടിപ്പുറത്തെ കുളം ഉദ്ഘാടനം കൗതുകക്കാഴ്ചയായി
text_fieldsമലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറം തോണിക്കരയിൽ കുളം ഉദ്ഘാടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നവീകരിച്ച തിരുത്തില്ക്കുളം നാടമുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനപ്രതിനിധികളെ ഓരോരുത്തർ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ആയിരുന്നു ഉദ്ഘാടകൻ.
മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് മെംബർ ഷബീർ മാഞ്ഞാമ്പ്രയെ ആദ്യം കുളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായ ഈ നീക്കം ചടങ്ങിനെ ആവേശകരമാക്കി. തുടർന്ന് കുളത്തിൽ നിന്ന് കയറിയ ഷബീർ മാഞ്ഞാമ്പ്ര, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറയെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
നവീകരിച്ച കുളമാണ് നാടിന് സമർപ്പിച്ചത്. സാധാരണ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് മാറി രസകരമായ രീതിയിൽ സംഘടിപ്പിച്ച പരിപാടി നാട്ടുകാരിലും കൗതുകമുണർത്തി. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ജനപ്രതിനിധികൾ പരസ്പരം കുളത്തിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ നിരവധി പേരാണ് പങ്കുവെക്കുന്നത്. വ്യത്യസ്തമായ ഉദ്ഘാടനരീതിയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
അതിനിടെ, മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും, ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോൾ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും. ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു.
പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. നാടിന്റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

