
സ്വർഗവും നരകവും തൊട്ടടുത്ത്്; മരണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ച് പൊലീസുകാരൻ
text_fieldsനൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യമാണ് മരണശേഷം എന്തായിരിക്കും? മരണശേഷം മറ്റൊരു ലോകത്തെത്തുമെന്നും ആത്മാവ് ശരീരം വിട്ട് അലഞ്ഞുതിരിയുമെന്നും ആത്മാവോ ശരീരമോ ഇല്ലാതെ നിശ്ചലമായിരിക്കുമെന്നുമെല്ലാം വിശ്വസിക്കുന്നവരുണ്ട്. മരണശേഷം എന്താണെന്ന് വിവരിക്കാൻ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല.
എന്നാൽ, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്നവരുടെ അനുഭവം പലരും പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഒരു അനുഭവമാണ് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെഫ് കൗൾട്ടറുടേത്. സ്വർഗവും നരകവും കണ്ടു തിരിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ അദ്ദേഹം പറയുന്നത്.
ഒരു സ്ഫോടനം നടന്നതുപോലെയായിരുന്നു അപകട സമയം. കാതടപ്പിക്കുന്ന ശബ്ദം പേടിപ്പെടുത്തുന്നതായിരുന്നു. അപകടത്തിന് ശേഷം കണ്ണുകളിലും തലച്ചോറിലും ഇരുട്ടുകയറുന്നതുപോലെയായിരുന്നു. സെക്കന്റുകൾക്കുള്ള സ്വർഗവും നരകവും മനസിൽ മിന്നിമറഞ്ഞു.
'ചുറ്റും ഇരുട്ടായിരുന്നു. കാർ തെന്നിമറിയുന്നത് ചെറുതായി ഓർമയിലുണ്ടായിരുന്നു. ആശുപത്രിയിൽ എന്റെ ഭാര്യയുടെ കൈകൾ എന്നെ തഴുകി കടന്നുപോയിരുന്നു. പിശാചുക്കളുടെ ചിത്രം കാണാൻ തുടങ്ങി. പല മുരൾച്ചകളും പൊട്ടിച്ചിരികളും ചെവിയിൽ വന്നടിച്ചു. എന്റെ ഹൃദയം നിലക്കുന്നതായി തോന്നി. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതോടെ ഇരുട്ട് മാത്രമായി. തറയിലും അന്തരീക്ഷത്തിലും പുക നിറയുന്നുണ്ടായിരുന്നു -കൗൾട്ടർ പറയുന്നു.
അമ്മയുടെ ചെറുപ്പകാലം കണ്ടതായും കൗൾട്ടർ പറഞ്ഞു. 'അവർ എന്റെ മുഖത്തിന് അഭിമുഖമായി തൊട്ടടുത്തുണ്ടായിരുന്നു. കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവർ കൈ കഴുകുന്നുണ്ടായിരുന്നു. ഒരു വിശ്വാസിയുടെ ചിന്തയിൽ കൈകഴുകൽ തന്റെ ഇതുവരെയുള്ള പ്രവർത്തികൾ കഴുകികളയലാണ്. അവർ എന്റെ മുഖത്തോട് ചേർന്നുവന്നതോടെ ഞാൻ മുറിയിലേക്ക് തിരിച്ചെത്തിയതായി തോന്നി' -കൗൾട്ടർ പറയുന്നു.
കൗൾട്ടർ പങ്കുവെച്ച അനുഭവം വൈറലായി. ചിലർ ശാസ്ത്രീയമായ വിശദീകരണങ്ങളുമായെത്തിയപ്പോൾ മറ്റു ചിലർ ആശ്ചര്യം രേഖപ്പെടുത്തിയുമെത്തി.
