‘റോഡാണോ, ഇത് തോടാണോ ...’ ചാടിക്കടന്ന് സി.പി.എം പ്രവർത്തകർ, എൽ.ഡി.എഫ് വികസന ജാഥയെന്ന് ബി.ജെ.പി; യാഥാർഥ്യം അറിയാം
text_fieldsകോഴിക്കോട്: ‘കണ്ടില്ലേ, കണ്ടില്ലേ... റോഡാണോ, തോടാണോ... റോഡ് നിങ്ങള് കണ്ടില്ലേ...’ പാർട്ടി പതാകയേന്തിയ സി.പി.എം കാൽനട ജാഥയിലെ പ്രവർത്തകർ റോഡിലെ കുളം പോലുള്ള വെള്ളക്കെട്ട് ചാടിക്കടക്കുന്ന വിഡിയോ ആണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറൽ. എൽ.ഡി.എഫ് സർക്കാറിന്റെ വികസന ജാഥയാണിതെന്ന് ബി.ജെ.പി നേതാക്കളുടെ ട്വീറ്റ്. ‘വികസനത്തിനു മുകളിലൂടെ ഹൈജംപ് നടത്തുന്ന സഖാവിന് എത്ര ലൈക്ക് കൂട്ടരേ?’ എന്നാണ് ഇതിന്റെ ചിത്രം പങ്കുവെച്ച് സംഘ്പരിവാർ സഹയാത്രികനായ ശ്രീജിത് പണിക്കരുടെ പരിഹാസം.
എന്നാൽ, ഈ പൊട്ടിപ്പൊളിഞ്ഞ റോഡിൽ സംസ്ഥാന സർക്കാറിന് ഒരു പങ്കുമില്ലെന്നാണ് സി.പി.എം നേതാക്കളും പ്രവർത്തകരും വ്യക്തമാക്കുന്നത്. ഇത് സംസ്ഥാന സർക്കാറിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ കീഴിലുള്ള റോഡ് അല്ലെന്ന് ബിനീഷ് കോടിയേരി അടക്കമുള്ളവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഇത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹൈവേയോ പ്രധാനപ്പെട്ട റോഡോ ആണോ? അതോ, ചിലരുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്ന ഒരു 'ഗീബൽസിയൻ' തന്ത്രമാണോ ഇതിന് പിന്നിൽ? യാഥാർത്ഥ്യം ഇതാണ്: വീഡിയോയിൽ കാണുന്ന ശോചനീയമായ റോഡ്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത്ത് - കീഴ്പയ്യൂർ റോഡ് ആണ്. ഒരു പഞ്ചായത്ത് റോഡാണിത്. അതായത്, ഈ റോഡിന്റെ അറ്റകുറ്റപ്പണികളുടെയും വികസനത്തിന്റെയും പൂർണ്ണമായ ചുമതല ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിനാണ്. ഇവിടെയാണ് രാഷ്ട്രീയ സത്യം വെളിച്ചത്ത് വരുന്നത്. നിലവിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്സും മുസ്ലിം ലീഗും നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ആണ്. കോൺഗ്രസ് നേതാവും പതിനൊന്നാം വാർഡ് മെമ്പറുമായ ഷിജിത്ത് എൻ.ടി. ആണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. വർഷങ്ങളായി വികസനത്തിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന കെടുകാര്യസ്ഥതയും ഭരണസ്തംഭനവും മൂലം ചെറുവണ്ണൂരിൽ പ്രസ്തുത റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏറെ ശോചനീയമായ അവസ്ഥയിൽ തുടരുകയാണ്’ -കുറിപ്പിൽ പറയുന്നു.
എന്നാൽ, നാളെ (ഒക്ടോ. 23)ന് അറ്റകുറ്റപ്പണി തുടങ്ങാനിരുന്ന മുയിപ്പോത്ത് -ടെലിഫോൺ എക്സ്ചേഞ്ച് റോഡാണിതെന്ന് ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. ഇതിനായി 14 ലക്ഷം രൂപയുടെ കരാർ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. മഴ തുടരുകയാണെങ്കിൽ നാളെ പ്രവൃത്തി തുടങ്ങാനാകില്ല. ഇക്കാര്യം അറിഞ്ഞ് കൊണ്ട് തന്നെ സി.പി.എം സമരം നടത്തിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രവർത്തകർ പങ്കുവെക്കുന്ന വിശദീകരണ കുറിപ്പ് വായിക്കാം:
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ട ഒരു വീഡിയോയുടെ ഒറിജിനൽ വീഡിയോ ആണ് ഇതോടൊപ്പമുള്ളത്. സംസ്ഥാന സർക്കാരിനേയും പൊതു മരാമത്ത് വകുപ്പിനെയും വിമർശിച്ചു കൊണ്ടാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
അങ്ങേയറ്റം ശോചനീയമായ ഒരു റോഡിന്റെ ദൃശ്യങ്ങൾ പകർത്തി, അത് സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും പിടിപ്പു കേടാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നാം കണ്ടു. ഈ വീഡിയോ വ്യാപകമായ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും സംസ്ഥാന സർക്കാരിനും എൽഡിഎഫിനുമെതിരെ ജനവികാരം ഇളക്കിവിടാൻ ഉപയോഗിക്കുകയും ചെയ്തു.
പക്ഷേ, ഇവിടെയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഒരു തീർത്തും ഗൗരവമായ വിഷയമുള്ളത്.
ഈ 'വൈറൽ' വീഡിയോയുടെ പിന്നിലെ യാഥാർത്ഥ്യം എന്താണ്?
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഇത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹൈവേയോ പ്രധാനപ്പെട്ട റോഡോ ആണോ?
അതോ, ചിലരുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്ന ഒരു 'ഗീബൽസിയൻ' തന്ത്രമാണോ ഇതിന് പിന്നിൽ?
യാഥാർത്ഥ്യം ഇതാണ്:
വീഡിയോയിൽ കാണുന്ന ശോചനീയമായ റോഡ്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത്ത് - കീഴ്പയ്യൂർ റോഡ് ആണ്. ഒരു പഞ്ചായത്ത് റോഡാണിത്. അതായത്, ഈ റോഡിന്റെ അറ്റകുറ്റപ്പണികളുടെയും വികസനത്തിന്റെയും പൂർണ്ണമായ ചുമതല ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിനാണ്.
ഇവിടെയാണ് രാഷ്ട്രീയ സത്യം വെളിച്ചത്ത് വരുന്നത്. നിലവിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്സും മുസ്ലിം ലീഗും നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ആണ്. കോൺഗ്രസ് നേതാവും പതിനൊന്നാം വാർഡ് മെമ്പറുമായ ഷിജിത്ത് എൻ.ടി. ആണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. വർഷങ്ങളായി വികസനത്തിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന കെടുകാര്യസ്ഥതയും ഭരണസ്തംഭനവും മൂലം ചെറുവണ്ണൂരിൽ പ്രസ്തുത റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏറെ ശോചനീയമായ അവസ്ഥയിൽ തുടരുകയാണ്.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി വികസന വിഷയങ്ങളിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിന്റെ ഭാഗമായി, 2025 ഒക്ടോബർ 18, 19 തീയതികളിലായി എൽഡിഎഫ് ചെറുവണ്ണൂർ, ആവള മേഖലകളുടെ നേതൃത്വത്തിൽ രണ്ട് കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. യുഡിഎഫ് ഭരണത്തിലുള്ള ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരെ ജനശ്രദ്ധ ആകർഷിക്കുക, പഞ്ചായത്തിന്റെ അടിസ്ഥാനവികസനം ഉറപ്പുവരുത്തുക. എന്നീ ലക്ഷ്യങ്ങളായിരുന്നു ജാഥയ്ക്ക് ഉണ്ടായിരുന്നത്.
സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വ. പി ഗവാസ് കക്കറമുക്കിൽ വെച്ച് ഉദ്ഘാടനം ചെയ്ത ജാഥയുടെ സമാപന സമ്മേളനം ചെറുവണ്ണൂർ ടൗണിൽ വെച്ച് നടന്നപ്പോൾ, സ. ജെയ്ക് സി തോമസ് ആയിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇവിടെയാണ് സോഷ്യൽ മീഡിയയിലെ 'വക്രീകരണം' കടന്നു വരുന്നത്. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധ ജാഥയുടെ വീഡിയോ ദൃശ്യങ്ങളാണ്, ഒരു 'ഗീബൽസിയൻ' തന്ത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നത്!
ചെറുവണ്ണൂർ പഞ്ചായത്തിലെ ഭരണ സമിതിയുടെ പിടിപ്പുകേടിനെതിരെ ജനങ്ങളെ അണിനിരത്തി എൽഡിഎഫ്. നടത്തിയ ഈ ജാഥയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ പൂർണ്ണമായും മ്യൂട്ട് ചെയ്യപ്പെട്ടു!
തുടർന്ന്, ഈ വീഡിയോയ്ക്ക് മുകളിൽ, "എൽഡിഎഫിന്റെ വികസന ജാഥ" എന്ന തലക്കെട്ട് നൽകി, ഇത് ഇടതുപക്ഷത്തിന്റെ വികസന നേട്ടമാണെന്ന് തെറ്റിദ്ധാരണ പരത്താൻ ശ്രമം നടന്നു. യഥാർത്ഥത്തിൽ, ഇത് യുഡിഎഫ് ഭരണത്തിന്റെ വികസന മുരടിപ്പിനെതിരായുള്ള എൽഡിഎഫ് സമരമായിരുന്നു!
സ്വന്തം ഭരണത്തിലുള്ള പഞ്ചായത്തിലെ റോഡുകൾപോലും നന്നാക്കാതെ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സത്യം ഒരുനാൾ പുറത്തുവരും. യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയാണ് ആ പ്രതിഷേധ ജാഥ നടന്നത്. ആ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കാതിരിക്കാൻ, അതിന്റെ മുദ്രാവാക്യങ്ങൾ പോലും മ്യൂട്ട് ചെയ്ത്, നിക്ഷിപ്ത രാഷ്ട്രീയ മുതലെടുപ്പിനായി പ്രചരിപ്പിക്കുന്നത് ജനാധിപത്യപരമായ നീതിയല്ല.
നമ്മുടെ പൊതുബോധത്തെയും വിവേകത്തെയും വെല്ലുവിളിക്കുന്ന ഈ ഗൂഢതന്ത്രങ്ങൾ തിരിച്ചറിയണം. സംസ്ഥാന സർക്കാരിനെതിരെ അനാവശ്യമായി വിരൽ ചൂണ്ടുന്നതിന് മുൻപ്, യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്ത് ഭരണസമിതി ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ആദ്യം മറുപടി പറയണം.
സത്യം അറിയുക, പ്രചരിപ്പിക്കുക..
ഗീബൽസിയൻ പ്രചരണ തന്ത്രങ്ങളെ നമുക്ക് തുറന്നുകാട്ടാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

