ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ സ്കോർ പങ്കുവെച്ച് ഇൻഡിഗോ പൈലറ്റ് ട്വിറ്ററിൽ ഹിറ്റായി
text_fieldsമുംബൈ: ക്രിക്കറ്റ് യഥാർഥത്തിൽ ഒരുത്സവമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണത്. ക്രിക്കറ്റ് പ്രേമികൾക്ക് മാച്ച് നടക്കുമ്പോൾ ലൈവ് സ്കോർ അറിഞ്ഞില്ലെങ്കിൽ ഇരിക്കപ്പൊറുതിയുണ്ടാകില്ല. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ക്രിക്കറ്റ് ഭ്രാന്തന് കളിയുടെ സ്കോർ അറിയാൻ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് വിമാനത്തിലെ പൈലറ്റിനോട് സ്കോർ എത്രയായെന്ന് തിരക്കിയത്. പൈലറ്റ് സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു.
ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ഇത്. സ്‌കോർ അപ്‌ഡേറ്റിനെക്കുറിച്ച് വിമാനത്തിനിടെ പൈലറ്റ് അയച്ച കുറിപ്പിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇന്ത്യ ഇന്നത്തെ കളിയിൽ തോറ്റു, എന്നാൽ ഇൻഡിഗോ 6ഇ ആളുകളുടെ മനം കവർന്നു എന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം. സ്കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ പൈലറ്റ് കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് അയച്ചുവെന്ന് കാണിച്ച് വിക്രം ഗാർഗ എന്ന ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്.
എസ്.എ 33/03, 6 ഓവർ, ഐ.എൻ.ഡി 133/9 എന്നാണ് കുറിപ്പിലുള്ളത്. ഞായറാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റ് ഹിറ്റായി. ഇൻഡിഗോയും ഗാർഗയുടെ ട്വീറ്റിനോട് പ്രതികരിച്ചു. പെർത്തിൽ ഞായറാഴ്ച നടന്ന ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.