സമൂഹമാധ്യമങ്ങളിൽ വൈറലാകാനുള്ള ശ്രമത്തിനിടെ പൊല്ലാപ്പിലായിരിക്കുകയാണ് പാകിസ്താനിലെ ടിക് ടോക് താരം. ടിക് ടോക്കിൽ 11 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഹുമൈറ അസ്ഗറാണ് അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. സിൽവർ നിറത്തിലുള്ള ഗൗൺ ധരിച്ച് കാട്ടുതീക്ക് മുന്നിലുടെ ഫാഷനബിളായി നടന്നുനീങ്ങുന്ന ഹുമൈറയെയാണ് വിഡിയോയിൽ കാണിക്കുന്നത്.
"ഞാൻ എവിടെ പോയാലും അവിടെ തീയുണ്ടാകുമെന്ന" അടിക്കുറിപ്പോടെ പങ്കിട്ട വിഡിയോ ഹുമൈറ വിചാരിച്ചത് പോലെ നിമിഷങ്ങൾക്കം തന്നെ വൈറലായി. പക്ഷേ 15 സെക്കന്‍റുള്ള വിഡിയോക്ക് വേണ്ടി ഒരു കാട് തന്നെ നശിപ്പിക്കാന്‍ ശ്രമിച്ച താരത്തിനെതിരെ കേസെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പല നെറ്റിസൺമാരും രംഗത്തെത്തി. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം അവഗണിച്ച് വൈറലാകാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ടിക്ടോക്കർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഹുമൈറ ടിക് ടോക്കിൽ നിന്ന് വിഡിയോ നീക്കംചെയുകയും പ്രസ്താവനയുമായി എത്തുകയും ചെയ്തിരുന്നു. താന്‍ മനംപൂർവം കാടിന് തീയിട്ടിട്ടില്ലെന്നും കാട്ടുതീക്ക് മുന്നിൽ പോസ്ചെയുകയായിരുന്നെന്നും മറുപടിയായി അവർ പറഞ്ഞു. എന്നാൽ കാട്ടുതീ ശ്രദ്ധയിൽ പെടുന്ന സന്ദർഭത്തിൽ വീഡിയോ നിർമ്മിക്കുന്നതിന് പകരം തീ അണക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ബോർഡ് ചെയർപേഴ്‌സൺ റിന സയീദ് ഖാൻ അഭിപ്രായപ്പെട്ടു.