ഈ ഫോട്ടോയിൽ കാണുന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവിനെ തിരിച്ചറിയാമോ?-ഇൻറർനെറ്റിൽ വൈറലായി ഫോട്ടോ
text_fieldsന്യൂഡൽഹി: ഈ ഫോട്ടോയിൽ കാണുന്ന രാജ്യത്തെ പ്രശസ്തനായ രാഷ്ട്രീയ നേതാവിനെ ഊഹിച്ച് പറയാമോ. ആരാണെന്നല്ലേ?.
നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയാണ് ഫോട്ടോയിലെ ചുള്ളൻ ചെക്കൻ. ഉമറിന്റെ സഹോദരി സഫിയ അബ്ദുല്ല ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണിത്. തന്റെ മുതിർന്ന സഹോദരന്റെ 51ാം പിറന്നാൾ ദിവസമാണ് സഫിയ ഇരുവരുമൊന്നിച്ച് കുട്ടിക്കാലത്ത് കാമറക്ക് മുന്നിൽ ചിരിതൂകി നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 10 നാണ് ഉമറിന് 51 തികഞ്ഞത്. 'കളിക്കൂട്ടുകാരനും എന്റെ ഏറ്റവും വലിയ പിൻബലവുമായ എന്റെ മുതിർന്ന സഹോദരന് പിറന്നാൾ ആശംസകൾ'-സഫിയ ട്വീറ്റ് ചെയ്തു. ഉമറും സഫിയയും ഇംഗ്ലണ്ടിൽ താമസിച്ച വേളയിൽ എടുത്തതാണ് ചിത്രം.
സഫിയ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് 5200 ലേറെ ലൈക്കുകൾ ലഭിച്ചു. ഉമറിനുള്ള ജന്മദിനാശംസകൾ കൊണ്ട് കമൻറ് ബോക്സ് നിറഞ്ഞു കവിഞ്ഞിരുന്നു.
ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെയും ഇംഗ്ലീഷ് വംശജയായ മോളിയുടെയും മകനായി 1970 മാർച്ച് 10ന് യു.കെയിലെ എസക്സിലായിരുന്നു ഉമറിന്റെ ജനനം. സാറ പൈലറ്റും (കോൺഗ്രസ് നേതാവ് സചിൻ പൈലറ്റിന്റെ ഭാര്യ) ഹിനയുമാണ് ഫാറൂഖിന്റെ മറ്റ് രണ്ട് മക്കൾ.

