നിങ്ങളെ ഞാൻ മരിക്കാൻ വിടില്ല; കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ച് യുവാവിന്റെ ധീരത
text_fieldsആർത്തിരുമ്പി വരുന്ന വെള്ളത്തിനിടയിൽ നിന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി രണ്ട് കുരുന്ന് ജീവനുകൾ രക്ഷിച്ച ഒമാനി പൗരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അലി ബിൻ നസീർ അൽ വാർദി എന്ന ഒമാൻ പൗരൻ കാണിച്ച ധീരത മറ്റൊന്നിനും പകരം വെക്കാനാവാത്തതാണ്. ഒമാനിലെ വാദി ബാഹ്ല മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു കുട്ടികൾ മുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ യുവാവ് വെള്ളത്തിലേക്കെടുത്തു ചാടുകയായിരുന്നു.
ഒമാനിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴക്കിടയിൽ പുറത്തെ കാഴ്ചകൾ കാണുന്നതിനായി അലി ബിൻ നസീറും പിതാവും ചേർന്ന് നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഒഴുക്കിൽപെട്ട രണ്ട് കുട്ടികൾ കരയുന്നത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അലി വെള്ളത്തിലേക്കിറങ്ങി. അലിയുടെ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പേടിയൊന്നും തോന്നിയില്ലെന്നും കുട്ടികളെ എങ്ങനെയെങ്കിലും ആ ഭയാനകമായ ഒഴുക്കിൽ നിന്ന് രക്ഷിക്കണമെന്നു മാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളുവെന്നും അലി പറഞ്ഞു. കുട്ടികളെ രക്ഷിക്കാൻ തന്നെ സഹായിക്കണമെന്ന് ഓരോ ചുവടിലും ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഒരു ഈന്തപ്പന തടിയുടെ സഹായത്തോടയാണ് കുട്ടികൾ അത്രസമയവും ഒഴുക്കിനെ അതിജീവിച്ചത്. മരത്തടിയിൽ തന്നെ പിടിച്ചിരിക്കാൻ ഞാൻ അവരോട് ഉറക്കെ ആവശ്യപ്പെട്ടു. 'പേടിക്കാതെയിരിക്കൂ ഞാനവിടെയെത്തി നിങ്ങളെ രക്ഷിക്കുമെന്ന്' ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ ഒഴുക്കിന്റെ ശക്തിയെ പ്രതിരോധിച്ച് എങ്ങനെയൊക്കെയോ അവരുടെ അടുത്തെത്തി. എന്റെ ഇരു കൈകൾക്കുള്ളിലും കുട്ടികളെ ചേർത്ത് പിടിച്ച് തിരികെ കരയിലേക്ക് നീങ്ങി.
13ഉം, ഏഴും വയസ്സുള്ള കുട്ടികളെയാണ് അലി രക്ഷിച്ചത്. അവരുടെ ജീവൻ തന്റെ കൈവെള്ളയിൽ ഇരിക്കുമ്പോഴും മരിക്കുമോയെന്ന ഭയത്താൽ കുട്ടികൾ കരയുന്നുണ്ടായിരുന്നെന്ന് അലി പറഞ്ഞു. 'എന്നെ ഒഴുക്കിൽ വിടരുത് എനിക്ക് മരിക്കണ്ട' എന്ന് പറഞ്ഞ് ചെറിയ കുട്ടി ഉറക്കെ കരയുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അലി പറഞ്ഞു. ഇതിനു പിന്നാലെ അലി ബിൻ നസീർ അൽ വാർദിക്ക് അഭിനന്ദനവുമായി അധികൃതരും രംഗത്തെത്തി. അദ്ദേഹത്തെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം ആദരിച്ചു. സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

