നൊബേൽ വാർത്ത; കാൾ ഡെയ്സറോത്തിന്റെ വീട്ടിലെ ആഘോഷം വൈറൽ
text_fieldsലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര ബഹുമതികളിലൊന്നാണ് നൊബേൽ പുരസ്കാരം. ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞദിവസം, വൈദ്യ ശാസ്ത്ര പുരസ്കാരം ലഭിച്ച മൂന്ന് ഗവേഷകരിലൊരാൾ കാൾ ഡെയ്സറോത്ത് ആയിരുന്നു. പുരസ്കാര വിവരം തന്റെ മക്കളെ അറിയിക്കുന്നതും തുടർന്ന് കുടുംബത്തിലുണ്ടായ ആഹ്ലാദ നിമിഷങ്ങളുമിപ്പോൾ വൈറലായിരിക്കുകയാണ്.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബയോഎൻജിനീയറിങ്, സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് പ്രഫസറായ ഡെയ്സറോത്തിന് രാവിലെ ഫോൺകോളിലൂടെയാണ് നൊബേൽ പുരസ്കാരം ലഭിച്ച വിവരം അറിയിച്ചത്. പിന്നാലെ ഉറക്കമുണർന്ന മക്കളെ അദ്ദേഹം നേരിട്ട് വിവരം അറിയിച്ചു. അച്ഛന് നൊബേൽ ലഭിച്ചെന്നറിഞ്ഞ പെൺമക്കൾ ആവേശത്തോടെ പ്രതികരിക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സ്റ്റാൻഫോർഡ് സർവകലാശാല പുറത്തുവിട്ടിട്ടുണ്ട്.
16 വയസ്സുകാരനായ മകൻ ഹഡ്സനോടും ഡെയ്സറോത്ത് വിവരം നേരിട്ട് പങ്കുവെച്ചു. ആദ്യം അമ്പരന്ന മകൻ പിന്നീട് അച്ഛനെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. 18 വയസ്സുള്ള മൂത്ത മകൻ അലക്സാണ്ടർ സ്റ്റാൻഫോർഡ് സർവകലാശാലയിലായിരുന്നു. അമ്മയുടെ സന്ദേശം ലഭിച്ചതോടെ വീട്ടിലേക്ക് വിളിച്ച അലക്സാണ്ടർ പിന്നീട് സൈക്കിളിൽ കുടുംബത്തിനടുത്തേക്ക് എത്തുകയും ചെയ്തു.
നാഡീകോശങ്ങളെ പ്രകാശത്തിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ കഴിയുന്ന ഓപ്റ്റോജനറ്റിക്സ് സാങ്കേതികവിദ്യയുടെ വികസനത്തിലെ നിർണായക സംഭാവനയ്ക്കാണ് ഡെയ്സറോത്തിന് നൊബേൽ ലഭിച്ചത്. ജർമൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗെമാനും ജോർജ് നാഗലുമാണ് പുരസ്കാരം പങ്കിടുന്നത്.
നാഡീകോശങ്ങളിലെ നിർദിഷ്ട ഭാഗങ്ങളെ പ്രകാശം ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുകയോ നിശ്ചലമാക്കുകയോ ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന രീതിയാണ് ഓപ്റ്റോജനറ്റിക്സ്. തലച്ചോറിലെ പ്രത്യേക നാഡീസർക്യൂട്ടുകൾ മനുഷ്യന്റെ പെരുമാറ്റം, വികാരങ്ങൾ, രോഗാവസ്ഥകൾ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ മുന്നേറ്റം സാധ്യമാക്കി. പാർക്കിൻസൺസ് രോഗം, വിഷാദരോഗം തുടങ്ങിയ അവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങളിലും ഇത് പ്രയോജനപ്പെടുന്നുണ്ട്.
എന്നാൽ ലോകം തന്റെ നേട്ടം ആഘോഷിക്കുമ്പോഴും ഡെയ്സറോത്തിന്റെ പ്രഭാതം ഒരു സാധാരണ പിതാവിന്റേതുപോലെയായിരുന്നു. കുട്ടികൾക്കുള്ള സ്കൂൾ ലഞ്ച് തയ്യാറാക്കുന്നതും അദ്ദേഹം മറന്നില്ല. നൊബേൽ നേട്ടം എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന്, ഇനിയും കണ്ടെത്താനുള്ള കാര്യങ്ങളും സഹായിക്കാനുള്ള ആളുകളും ഏറെയുണ്ടെന്നും അതിനാൽ വീണ്ടും ജോലിയിലേക്ക് മടങ്ങുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

