‘ആരൊക്കെയാ ഇത്? ഗാന്ധി ഘാതകരും ഇ.എം.എസിന്റെ ശിഷ്യരും! 2020ൽ എ.ഐ ടെക്നോളജി കണ്ടുപിടിച്ച സി.ജെ.പിക്കാരെ സമ്മതിക്കണം’
text_fieldsകോഴിക്കോട്: അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥുമായി 2020ൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി. ശിവൻകുട്ടിയും ചർച്ച നടത്തുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. ‘ആരൊക്കെയാ ഇത്.... ഗാന്ധിയുടെ ഘാതകരും... ഗാന്ധിയുടെ കോൺഗ്രസിനെ തോൽപ്പിക്കാൻ "ഏത് ചെകുത്താന്റെ കൂടെയും കൂട്ടുകൂടാം" എന്ന് പറഞ്ഞ് ഇഎംഎസിന്റെ ശിഷ്യരും... കാൻഡിഡ് പിക്ചർ...’ എന്ന കുറിപ്പോടെയാണ് ഹിന്ദുമഹാസഭ പുറത്തുവിട്ട ചിത്രം താര പങ്കുവെച്ചത്.
ഈ ഫോട്ടോ കൃത്രിമമാണെന്ന സി.പി.എം പ്രചാരണത്തെയും അവർ പരിഹസിച്ചു. ‘AI ഫോട്ടോ ആണത്രേ... ഫെബ്രുവരി 2020ൽ AI ടെക്നോളജി കണ്ട് പിടിച്ച CJP ക്കാരെ സമ്മതിക്കണം...’ എന്നാണ് ഇതേക്കുറിച്ച് പറഞ്ഞത്. അഖില ഭാരത ഹിന്ദുമഹാസഭയുമായി സി.പി.എമ്മിന് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രസ്തുത ഫോട്ടോ. തങ്ങൾക്ക് വർഷങ്ങളായി സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് പിന്തുണ നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഹിന്ദുമഹാസഭ ആരാണെന്നറിയില്ലെന്നും തങ്ങൾ ആരുമായും ആശയവിനിയമം നടത്തിയിട്ടില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കൂടിക്കാഴ്ച നടത്തിയ കാര്യം എ. വിജയരാഘവൻ സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരുമെന്നും ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ എന്ന് തന്നെ തനിക്കറിയില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
‘ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ? ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ട് വർഗീയമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ യു.ഡി.എഫിനെ സഹായിക്കാൻ ഉള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആപ്പീസില് പലരും വരും. കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും. സാധാരണ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ആൾക്കാര് വരില്ലേ? പിന്തുണ ഉള്ളവരോടല്ലേ പിന്തുണ സ്വീകരിക്കുക. ആർ.എസ്.എസും ഞങ്ങളും തമ്മിൽ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ രാഷ്ട്രീയമായ ചതിപ്രയോഗമാണ്’ -എന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന.
എ. വിജയരാഘവനുമായും എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

