അഞ്ച് വിരലോടുകൂടി കോഫി കുടിച്ചിട്ടും നെതന്യാഹുവിന്റെ പുതിയ വിഡിയോക്ക് രക്ഷയില്ല; '100% ഡീപ്ഫേക്ക്' എന്ന് ഗ്രോക്ക്, സോഷ്യൽ മീഡിയയിൽ വൻ ചർച്ച
text_fieldsബിന്യമിൻ നെതന്യാഹു
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയായി പുറത്തുവിട്ട വിഡിയോ ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ്. ജറുസലേമിലെ കഫേയിൽ നെതന്യാഹു കോഫി കുടിക്കുന്നതായി കാണിക്കുന്ന വീഡിയോ, എ.ഐ (നിർമിത ബുദ്ധി) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിലെ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' തന്നെ ഇത് വ്യാജമാണെന്ന് വെളിപ്പെടുത്തിയത് ഇസ്രായേൽ വൃത്തങ്ങളെ പ്രതിരോധത്തിലാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിന്റെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ സംശയങ്ങൾ ഉയർന്നിരുന്നു. മുമ്പ് പുറത്തുവന്ന ഒരു വിഡിയോയിൽ നെതന്യാഹുവിന്റെ കൈയ്യിൽ ആറ് വിരലുകൾ കണ്ടതാണ് ഈ സംശയങ്ങൾക്ക് ആധാരം. ഇതിനെ പരിഹസിക്കാനാണ് ജെറുസലേമിലെ സതാഫ് കഫേയിൽ നിന്നുള്ള പുതിയ വിഡിയോ നെതന്യാഹുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പങ്കുവെച്ചത്.
'താൻ മരിച്ചുവെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ' എന്ന കാമറാമാന്റെ ചോദ്യത്തിന്, 'എനിക്ക് കോഫി കുടിക്കാൻ തോന്നുന്നു' എന്ന് പരിഹസിച്ചുകൊണ്ട് നെതന്യാഹു മറുപടി നൽകുന്നുണ്ട്. തന്റെ കൈകളിലെ വിരലുകൾ കാണിച്ചുകൊണ്ട് താൻ ആരോഗ്യവാനാണെന്നും അദ്ദേഹം വിഡിയോയിൽ അവകാശപ്പെടുന്നു.
ഗ്രോക്കിന്റെ വെളിപ്പെടുത്തൽ
വിഡിയോയെകുറിച്ച് എക്സ് ഉപയോക്താക്കൾ ചോദിച്ചപ്പോൾ, ഇത് നൂറ് ശതമാനവും 'ഡീപ്ഫേക്ക്' ആണെന്നാണ് ചാറ്റ്ബോട്ട് ഗ്രോക്ക് മറുപടി നൽകി. 'ഇതൊരു അഡ്വാൻസ്ഡ് എ.ഐ വിഡിയോയാണ്. നെതന്യാഹു പൊതുസ്ഥലത്തിരുന്ന് ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇത്തരം ഒരു സംഭവം നടന്നിട്ടില്ല. ഇത് വെറും ഫിക്ഷൻ മാത്രമാണ്,' ഗ്രോക്ക് വ്യക്തമാക്കി. ഗ്രോക്കിന്റെ പ്രസ്താവന വൈറൽ ആയതോടെ വിഡിയോ ഇഴകീറി പരിശോധിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ വിദഗ്ധർ.
സോഷ്യൽ മീഡിയ കണ്ടെത്തിയ വിഡിയോയിലെ പോരായ്മകൾ
- നെതന്യാഹു കോഫി കുടിക്കുമ്പോൾ കപ്പിനുള്ളിലെ ദ്രാവകത്തിന്റെ ചലനം ഒരുതരത്തിലും സാധാരണ നിലയിലല്ല
- കോഫി ഷോപ്പിന്റെ പശ്ചാത്തലത്തിലുള്ള ചില വ്യക്തികളുടെ രൂപം അവ്യക്തമാണ്.
- താഴേക്ക് നോക്കുമ്പോൾ നെതന്യാഹുവിന്റെ മുഖത്തിന്റെ ആകൃതി മാറുന്നുണ്ട്.
ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന ഗൾഫ് മേഖലയിൽ, നെതന്യാഹുവിന്റെ ഈ വിഡിയോ പുറത്തുവന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. വിഡിയോ യഥാർത്ഥമാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇസ്രായേൽ സർക്കാർ എ.ഐ ഉപയോഗിച്ചതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

