നേഹയാണ് മികച്ചതെന്ന് ദീപ്കെ: താരതമ്യമല്ല, ഐക്യദാർഢ്യമാണ് വേണ്ടതെന്ന് നേഹ; ചർച്ചയായി എക്സ് പോസ്റ്റ്
text_fieldsനേഹ ബോറ, അഭിജീത് ദിപ്കെ
ന്യൂഡൽഹി: ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും വിദ്യാർഥി നേതാവുമായ നേഹ ബോറയെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയേക്കാൾ കൂടുതൽ പ്രതിഭാശാലിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് മറുപടിയുമായി അഭിജീത് ദിപ്കെ രംഗത്ത്. 'അമോക്' എന്ന എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവെച്ച പോസ്റ്റിന് താഴെ 'ഞാൻ സമ്മതിക്കുന്നു' എന്ന ലളിതമായ മറുപടിയാണ് ദിപ്കെ നൽകിയത്. ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.
'അഭിജീത് ദീപ്കെയേക്കാൾ കഴിവുള്ളത് നേഹ ബോറക്കാണ് എന്ന് തിരിച്ചറിയുന്നതാണ് പക്വത. അതിശയിപ്പിക്കുന്ന വ്യക്തിത്വമുള്ള, ഒരു സമ്പൂർണ്ണ ‘ജെൻ-സീ്’ ഐക്കൺ,’ എന്നാണ് എക്സ് പോസ്റ്റിലൂടെ നേഹയെ അമോക് വിശേഷിപ്പിച്ചത്. അതേസമയം, പോസ്റ്റിന് അഭിജീത് ദീപ്കെ നൽകിയ മറുപടിക്ക് പിന്നാലെ നേഹ ബോറയും രംഗത്തെത്തി. 'താരതമ്യമല്ല, ഐക്യദാർഢ്യമാണ് വേണ്ടതെന്ന്' നേഹ പോസ്റ്റിന് താഴെ കുറിച്ചു.
ആരാണ് നേഹ ബോറ?
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ - AISA) ദേശീയ പ്രസിഡന്റാണ് നേഹ ബോറ. വോട്ടർ പട്ടിക തിരുത്തലുമായി ബന്ധപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും നടന്നുക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് നേഹ. ഒക്ടോബർ 2ന് ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ അറസ്റ്റിലായവരിൽ നേഹ ബോറയും ഉൾപ്പെട്ടിരുന്നു. കസ്റ്റഡിയിൽ നിന്ന് മോചിതയായ ശേഷം, ജന്തർമന്ദറിലേക്ക് തിരികെയെത്തി പ്രതിഷേധം തുടരാൻ അവർ സമരക്കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഒക്ടോബർ 10ന് ജന്തർമന്ദർ പ്രതിഷേധം പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന അഭിജീത് ദീപ്കെ വെള്ളിയാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ വലിയതോതിലുള്ള പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർമന്ദറിൽ വീണ്ടും ശക്തമായ സമരം നടത്തുമെന്ന് ദിപ്കെ പ്രഖ്യാപിച്ചത്. ഒക്ടോബർ 10ലെ പ്രതിഷേധം തികച്ചും സമാധാനപരമായിരിക്കുമെന്നും, രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

