ആകാശമാകെ ഹരിതാഭം; ധ്രുവദീപ്തിയുടെ കൗതുകദൃശ്യങ്ങൾ പകർത്തി ബഹിരാകാശ യാത്രികൻ
text_fieldsനാസയുടെ ബഹിരാകാശ യാത്രികൻ ഡോൺ പെറ്റിറ്റ് പകർത്തിയ ധ്രുവദീപ്തിയുടെ ദൃശ്യങ്ങൾ വൈറലായി. ഭൂമിയുടെ അന്തരീക്ഷത്തിന് മേൽ പച്ചനിറത്തിൽ തിളങ്ങിനിൽക്കുന്ന ധ്രുവദീപ്തിയാണ് ഡോൺ പെറ്റിറ്റ് കാമറയിൽ പകർത്തിയത്. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ ഗവേഷകനാണ് ഡോൺ പെറ്റിറ്റ്.
'ധ്രുവദീപ്തിക്ക് മുകളിലൂടെ പറക്കുമ്പോൾ' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. രണ്ടര ദശലക്ഷത്തിലേറെ പേർ വിഡിയോ കണ്ടുകഴിഞ്ഞു.
എന്താണ് ധ്രുവദീപ്തി
ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി (Aurora) എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ് (aurora australis). ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ് (aurora borealis). സാധാരണയായി ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധാര ചിലപ്പോൾ മണിക്കൂറുകളോളം തുടർന്നു പോവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

