മഴയത്ത് പൊലീസ് വാൻ തടഞ്ഞ് യുവതി, വാഹനത്തിന്റെ വാതിൽ തുറക്കുന്ന പ്രതിഷേധക്കാർ; മുംബൈ സി.ജെ.പി പ്രതിഷേധത്തിന്റെ വൈറൽ ദൃശ്യങ്ങൾ
text_fieldsസിജെപി പ്രതിഷേധത്തിനിടെ യുവതി പൊലീസ് വാൻ തടയുന്നു
മുംബൈ: കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) മുംബൈയിൽ നടത്തിയ വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് വാനിന് മുന്നിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി. മഴയത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോകുകയായിരുന്ന വാനിന് മുന്നിൽ കൈകൾ വിടർത്തി നിന്ന 27കാരിയായ മോഡൽ റിയ അഹിറിന്റെ ചിത്രം രാജ്യവ്യാപക ശ്രദ്ധ നേടി.
ശിവാജി പാർക്കിന് സമീപം നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെയാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചത്. ഇത് കണ്ടതോടെയാണ് വാനിന് മുന്നിൽ കയറി നിന്ന് പ്രതിഷേധിച്ചതെന്ന് റിയ പറയുന്നു. പൊലീസിനോട് തടങ്കലിലാക്കിയവർക്കെതിരായ നിയമനടപടിയുടെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
‘ഡൽഹിയിൽ വിദ്യാർഥികളോട് ചെയ്തത് തെറ്റായിരുന്നു. മുംബൈയിലും അതുതന്നെ ആവർത്തിക്കുന്നത് കണ്ടപ്പോൾ നോക്കിനിൽക്കാൻ കഴിഞ്ഞില്ല’ എന്നായിരുന്നു റിയയുടെ പ്രതികരണം. വിദ്യാർഥികൾക്ക് പിന്തുണ നൽകുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
മുംബൈയിലെ സി.ജെ.പി പ്രതിഷേധത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ റിയ അഹിർ പൊലീസ് വാനിന് മുന്നിൽ നിന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൊന്നായി അത് മാറി.
മറ്റൊരു ദൃശ്യത്തിൽ, പൊലീസ് കസ്റ്റഡിയിലെടുത്ത ചില പ്രതിഷേധക്കാർ വാനിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുന്നതും ജനക്കൂട്ടത്തിനിടയിലേക്ക് ഓടുന്നതും കാണാം. പ്രതിഷേധക്കാരിലൊരാൾ വാനിലേക്ക് ഓടിക്കയറുന്നതും പിൻഭാഗത്തെ പൂട്ട് തുറക്കുകയുമായിരുന്നു. തുടർന്ന് നിരവധി വിദ്യാർഥികൾ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും സമീപത്തുള്ള ആളുകൾ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാർ റോഡിലൂടെ മുദ്രാവാക്യം വിളികളുമായി നടന്നു നീങ്ങുമ്പോൾ സ്കൂൾ കെട്ടിടത്തിനുള്ളിൽനിന്ന് വിദ്യാർഥികൾ കൈവീശി കാണിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
മുംബൈയിലെ ശിവാജി പാർക്ക്, ചെമ്പൂർ, പവായ് എന്നിവിടങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ എന്നിവർ പങ്കെടുത്തു. കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും നിലനിന്നിരുന്നെങ്കിലും പ്രതിഷേധം സമാധാനപരമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് മുംബൈ പൊലീസ് സ്വീകരിച്ചത്. 2026 ലെ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലുടനീളം ആയിരക്കണക്കിന് പേർ തെരുവിലിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

