ഹൽദി ആഘോഷത്തിന് കുരങ്ങ്; ക്ഷണിക്കാതെ എത്തിയ അതിഥിയുടെ വരവിൽ സ്തംഭിച്ച് വധൂവരൻമാരും കുടുംബവും -വിഡിയോ
text_fieldsആഘോഷങ്ങളാൽ മുഖരിതമാണ് ഓരോ വിവാഹങ്ങളും. വിവാഹത്തിന് മുന്നോടിയായി പലതരം ആഘോഷങ്ങൾ തന്നെയുണ്ട്. ഹൽദി അതിലൊന്നാണ്. പലപ്പോഴും ക്ഷണിക്കപ്പെടാതെ ചില അതിഥികൾ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. പലർക്കും അത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
അത്തരത്തിലൊരു വാർത്തയാണിത്. ഹൽദി ആഘോഷം നടക്കുന്നതിനിടെ വേദിയിലേക്ക് എത്തി ആളുകളെ ഞെട്ടിച്ചത് മറ്റാരമല്ല, ഒരു കുരങ്ങായിരുന്നു. വലിയ ബഹളമൊന്നുമുണ്ടാക്കിയില്ല ആശാൻ. വന്നയുടൻ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി കാത്തുവെച്ച ലഡുവുമായി കുരങ്ങ് ഓടുന്നതിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഉച്ചത്തിൽ പാട്ടും വെച്ച് വധുവും വരനും ബന്ധുക്കളും മഞ്ഞവസ്ത്രങ്ങളും ധരിച്ച് സന്തോഷത്തോടെയിരിക്കുന്ന അവസരത്തിലാണ് കക്ഷി എത്തിയത്. ലഡുവുമായെത്തിയ ഒരാൾ വധൂവരൻമാർക്ക് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് കുരങ്ങ് അതിവേഗം അവർക്കടുത്തെത്തി തട്ടിപ്പറിച്ച് ഓടിയത്. കുരങ്ങിന്റെ വരവ് കണ്ട ചിലർ പേടിച്ച് പിന്നോട്ടോടി. പലഹാരങ്ങളെല്ലാം തട്ടിമറിഞ്ഞു. കുറച്ചുനേരത്തേക്ക് അവിടെ വലിയ ബഹളം നടന്നു. എന്നാൽ കുരങ്ങ് ഇതൊന്നും കാര്യമാക്കാതെ കൈയിൽ കിട്ടിയതുമായി ഓടി മറഞ്ഞിരുന്നു.
ഏതായാലും കുരങ്ങിന്റെ ലഡു ഫീസ്റ്റിനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അത് കുരങ്ങിന് തിന്നാനായി തയാറാക്കിയ ലഡുവാണെന്നായിരുന്നു വിഡിയോക്ക് ഒരാളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

