‘സിം കാർഡ് പോർട്ട് ചെയ്യൂ, ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നേടൂ’; പ്രതിസന്ധിയെ അവസരമാക്കി മൊബൈൽ കമ്പനി ഏജന്റുമാരുടെ ‘പവർ’ മാർക്കറ്റിങ്
text_fieldsഹൈദരാബാദ്: പ്രതിസന്ധികളെ അവസരമാക്കുന്ന വിപണന തന്ത്രവുമായി തെലങ്കാനയിലെ സ്വകാര്യ മൊബൈൽ കമ്പനി ഏജന്റുമാർ. സംസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ മറ്റ് നെറ്റ്വർക്കുകളിൽ നിന്നും തങ്ങളുടെ കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്നവർക്ക് ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകുന്ന ഓഫറാണ് ഭദ്രാദ്രി കോത്തഗുഡം ജില്ലയിലെ ഏജന്റുമാർ മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വിചിത്രവും എന്നാൽ, ആകർഷകവുമായ ഓഫർ പുറത്തുവന്നത്.
നിലവിലുള്ള നമ്പർ തങ്ങളുടെ കമ്പനിയിലേക്ക് മാറ്റുന്നവർക്കും 350 രൂപയുടെ റീചാർജ് ചെയ്യുന്നവർക്കുമാണ് ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കുക. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ഈ ഓഫർ പ്രയോജനപ്പെടുത്താനായി നിരവധി ആളുകൾ തടിച്ചുകൂടുന്നത് കാണാം.
അതേസമയം, സംസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന വാർത്തകൾ തെലങ്കാന സിവിൽ സപ്ലൈസ് വകുപ്പ് തള്ളി. സാധാരണ ദിവസങ്ങളിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം ഇന്ധനം വിതരണം ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ‘ഏപ്രിൽ 27ന് സംസ്ഥാനത്ത് 11,490 ലിറ്റർ പെട്രോളും 18,449 ലിറ്റർ ഡീസലുമാണ് വിതരണം ചെയ്തത്. ഇത് ശരാശരി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല’ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. എങ്കിലും പമ്പുകളിലെ തിരക്ക് മുതലാക്കി ഉപഭോക്താക്കളെ പിടിച്ചെടുക്കാനുള്ള മൊബൈൽ കമ്പനി ഏജന്റുമാരുടെ അതിബുദ്ധി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

