ട്രെയിൻ ശുചിമുറി കിടപ്പുമുറിയാക്കിയ യാത്രികൻ, വൈറൽ വീഡിയോയിൽ മൂക്കത്ത് വിരൽ വച്ച് ഇന്റർനെറ്റ് ലോകം
text_fieldsന്യൂഡൽഹി: ഉത്സവകാലത്ത് ട്രയിനുകളിലെ തിരക്ക് പറഞ്ഞറിയിക്കാനാവാത്തതാണ്,പ്രത്യേകിച്ച് ലോക്കൽ കമ്പാർട്മെന്റുകളിൽ. കാലുകുത്താൻ ഇടമില്ലാത്ത ട്രെയിൻ കൂപ്പയുടെ ശുചിമുറി കിടപ്പുമുറിയാക്കിയ യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകത്തിനൊപ്പം ചർച്ചക്കും വഴിവെച്ചിരിക്കുകയാണ്.
കണ്ടന്റ് ക്രിയേറ്ററായ വിശാൽ പങ്കുവെച്ച വീഡിയോ 780,000ലധികം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്. ലോക്കൽ കമ്പാർട്ട്മെന്റിലെ ശുചിമുറിയിൽ കട്ടിലിന് സമാനമായ സജ്ജീകരണം വലിച്ചുകെട്ടി കിടക്കയിട്ട് സുഖമായി വിശ്രമിക്കുന്നയാളെ ദൃശ്യങ്ങളിൽ കാണാം. വീട്ടുസാധനങ്ങളും ഉപകരണങ്ങളുമൊക്കെ ചുറ്റും അടുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ജനലിന് പുറത്ത് ട്രെയിനിനോട് ചേർത്ത് ഒരു മടക്കുകട്ടിൽ ഭദ്രമായി കെട്ടിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആകെമൊത്തം ഒരു ‘വ്യക്തിഗത കാബിൻ’ മേക്ക് ഓവർ.
സ്റ്റേഷനിൽ നിർത്തിയ ട്രെയിനിനടുത്തേക്ക് എത്തിയ വിശാൽ ബാത്റൂം കിടപ്പുമുറിയാക്കിയെന്ന് യാത്രക്കാരനെ ചൂണ്ടി അൽഭുതത്തോടെ വിളിച്ചുപറയുന്നുണ്ട്. അകത്ത് വീട്ടുസാധനങ്ങൾ എല്ലാമുണ്ടല്ലോ എന്ന ചോദ്യത്തിന് അതേയെന്നായിരുന്നു യാത്രക്കാരന്റെ മറുപടി.
ദൃശ്യങ്ങൾ വലിയൊരുവിഭാഗം ആളുകൾ തമാശയായി പങ്കിട്ടെങ്കിലും പൊതുശുചിത്വവും ശുചിമുറിയുടെ ദുരുപയോഗവും ചൂണ്ടിക്കാട്ടി പ്രതികരിച്ചവരും കുറവല്ല. മറ്റുള്ളവർ കാലുകുത്തി നിൽക്കാൻ പാടുപെടുന്നിടത്ത് അയാൾ പ്രയോജനപ്രദമായ കണ്ടുപിടിത്തം നടത്തിയെന്നായിരുന്നു ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്റെ കമന്റ്. അടുത്ത സ്റ്റേഷനിൽ യാത്രക്കാരനെ പുറത്തിറക്കി ശുചിമുറി ഉപയോഗപ്രദമാക്കണമെന്ന് മറ്റൊരാൾ കുറിച്ചു.
രാജ്യത്തെ ട്രെയിനുകളിലെ യാത്രാസാഹചര്യം സംബന്ധിച്ച് ഗൗരവതരമായ ചർച്ചക്കും ദൃശ്യങ്ങൾ വഴിവെച്ചു. റെയിൽവേ അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

