ടോയ്ലറ്റിലും പരസ്യം! തൊഴിൽ രഹിതന്റെ ‘അതിബുദ്ധി’യിൽ ഞെട്ടി പ്രമുഖ ബ്രാൻഡുകൾ; വൈറലായി ഒരു വിപണന തന്ത്രം
text_fieldsഫിലാഡൽഫിയ: കൈയിൽ പണമില്ലാതെ വരുമ്പോൾ പലർക്കും പല ബുദ്ധികളാകും തോന്നുക. എന്നാൽ, അമേരിക്കക്കാരനായ നിക്ക് ഗ്രീനാവാൾട്ടിന് തോന്നിയ ബുദ്ധി ഇപ്പോൾ അദ്ദേഹത്തെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ്. തന്റെ ടോയ്ലറ്റിലെ സ്ഥലം പരസ്യത്തിന് വില്പനക്ക് വെച്ചതോടെ അപ്രതീക്ഷിത ഭാഗ്യമാണ് നിക്കിനെ തേടിയെത്തിയത്. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ക്ലോറോക്സ് (Clorox), പൈൻ-സോൾ (Pine-Sol) തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകളാണ് നിക്കിന്റെ ബാത്ത്റൂമിൽ പരസ്യം നൽകാൻ വരിനിൽക്കുന്നത്.
‘ജോലിയില്ലാത്തവന്റെ അവസാന അടവ്; എന്റെ ടോയ്ലറ്റിൽ നിന്ന് പത്ത് ലക്ഷം ഡോളർ (ഏകദേശം എട്ട് കോടി രൂപ) സമ്പാദിക്കാനുള്ള ശ്രമം’ - ഇതായിരുന്നു നിക്കിന്റെ ഇൻസ്റ്റാഗ്രാം ബയോ. ടോയ്ലറ്റ് ബൗളിൽ ഗ്രാഫിക്സ് ഉപയോഗിച്ച് പ്രമുഖ ബ്രാൻഡുകളുടെ ലോഗോ പ്രദർശിപ്പിച്ചാണ് നിക്ക് തന്റെ വിഡിയോകൾ ചെയ്തിരുന്നത്. നിക്കിന്റെ സർഗാത്മകതയും വിപണന തന്ത്രവും ശ്രദ്ധയിൽപെട്ട വൻകിട കമ്പനികൾ വരെ ഞെട്ടിപ്പോയി.
നിക്കിന്റെ ഈ വിചിത്രമായ പരസ്യത്തിലൂടെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ക്രിപ്റ്റോ കമ്പനിയായ മൂൺ പേ (MoonPay) ആണ്. കമ്പനിയുടെ വാർഷിക പരസ്യ ബജറ്റിന്റെ വെറും 0.05 ശതമാനം മാത്രം നൽകിയാണ് പരസ്യം നേടിയത്. ഇതിലൂടെ 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം കാഴ്ചക്കാർ, ആയിരക്കണക്കിന് പുതിയ ഫോളോവേഴ്സ്, നിരവധി ആപ്പ് ഡൗൺലോഡുകൾ എന്നിവ കമ്പനി നേടിക്കഴിഞ്ഞുവെന്ന് മൂൺ പേ തന്നെ വ്യക്തമാക്കി.
"സൂപ്പർ ബൗൾ" എന്നതിന് പകരം തങ്ങളുടെ "ടോയ്ലറ്റ് ബൗൾ" ഹിറ്റായി എന്നാണ് കമ്പനി തമാശയായി പറയുന്നത്. ഗ്രൂമിങ് ബ്രാൻഡായ ഡോക്ടർ സ്ക്വാച്ചും ഇതിനകം നിക്കിന്റെ ടോയ്ലറ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. നിക്കിന്റെ വിഡിയോകൾക്ക് ഇപ്പോൾ കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഒരു വിഡിയോക്ക് മാത്രം നാലു കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. നിക്കിന്റെ മിടുക്കിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റും ചെയ്തു.
സാധാരണ പരസ്യ രീതികളിൽനിന്ന് മാറി ചിന്തിച്ചാൽ സോഷ്യൽ മീഡിയയിൽ എന്തും വിറ്റഴിക്കാമെന്നും പണം സമ്പാദിക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. നിക്കിന്റെ ഈ വിദ്യ കണ്ടന്റ് ക്രിയേഷൻ രംഗത്ത് പുതിയൊരു വിപ്ലവത്തിന് തന്നെ തുടക്കമിടുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

