ഓടുന്ന ട്രെയിനിനുള്ളിൽ പാൻ വിൽപന; എ.സി കോച്ചിലെ കാഴ്ച കണ്ട് അമ്പരന്ന് യാത്രക്കാർ, വീഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ട്രെയിൽ യാത്രക്കിടയിൽ ഇതുവരെ കാണാത്ത കാഴ്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിനിലെ തേർഡ് എ.സി കോച്ചിനുള്ളിൽ ലോവർ ബെർത്ത് താൽക്കാലിക കൗണ്ടറാക്കി മാറ്റി പാൻ ഉണ്ടാക്കി വിൽക്കുന്ന യുവാവിന്റെ വിഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. മുംബൈയിൽ നിന്ന് ഛത്തീസ്ഗഢിലേക്കുള്ള ട്രെയിനിലാണ് ഈ സംഭവമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഏത് ട്രെയിനിൽ ആണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
താഴെയുള്ള ബെർത്തിന് മുകളിലായി ഒരു തുണി വിരിച്ച്, പാൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളെല്ലാം നിരത്തി വെച്ച് മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ചുതന്നെ യുവാവ് പാൻ തയാറാക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ട്രെയിനിനുള്ളിൽ ഇത്തരത്തിൽ കച്ചവടം നടത്തുന്നത് കണ്ട് മറ്റു യാത്രക്കാരും അമ്പരന്നു. കോച്ചിലെ മറ്റു യാത്രക്കാരിൽ നിന്നായി ഏകദേശം 20 -25 പാനിന്റെ ഓർഡറുകൾ വിൽപനക്കാരന് ലഭിച്ചുവെന്നാണ് വിഡിയോ പകർത്തിയ യാത്രക്കാരൻ പറയുന്നത്. @indiain24hr എന്ന എക്സ് അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എയർ കണ്ടീഷൻ ചെയ്ത ആർക്കൈവ് കോച്ചിൽ ഇത്തരത്തിലുള്ള കച്ചവടങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യാത്രക്കാർ പൊതുവായി ഉപയോഗിക്കുന്ന ഒരു സ്ഥലത്ത് ഭക്ഷ്യ വസ്തുക്കൾ നിർമിച്ച് വിൽക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.
എന്നാൽ, ട്രെയിനിനുള്ളിൽ അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണവും ഇതുവരെ പുറത്തു വന്നിട്ടില്ലെന്നാണ് വിവരം. ട്രെയിനിന്റെ പേര് അടക്കമുള്ള മറ്റ് വിവരങ്ങളും ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ശുചിത്വത്തെയും അനധികൃത പാൻ വിൽപനയെയും സംബന്ധിച്ച് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

