'ഇതെന്താ ബാറ്റ്മൊബീലോ'; വൈറലായി സ്കൂട്ടറോട്ടം, മുന്നറിയിപ്പുമായി പൊലീസ് -VIDEO
text_fieldsറോഡിൽ കാണിക്കുന്ന സാഹസികതകൾ അപകടത്തിലേക്ക് നയിക്കുമെന്നതിന് ഏറെ ഉദാഹരണമൊന്നും ആവശ്യമില്ല. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർ. ഇത്തരത്തിൽ, സ്കൂട്ടറിൽ താങ്ങാവുന്നതിലുമേറെ വസ്തുക്കളുമായി അതിസാഹസികമായി സഞ്ചരിക്കുന്ന ഒരു യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സീറ്റിലും ഫുട്ട്ബോഡിലും സ്കൂട്ടറിന് മുന്നിലുമൊക്കെ പലചരക്കും പച്ചക്കറിയും തുടങ്ങി പരമാവധി സാധനങ്ങൾ കയറ്റിയാണ് യാത്ര. ഏറ്റവും പിറകിൽ ഇരുന്ന് ഹാൻഡിലിലേക്ക് ഞാന്നുകിടന്നാണ് വാഹനം തിരക്കേറെയുള്ള റോഡിലൂടെ പായുന്നത്. ബാറ്റ്മൊബീലിൽ ബാറ്റ്മാൻ പായുന്നത് പോലെയാണ് ഇയാളുടെ യാത്രയെന്ന് ചിലർ കമന്‍റ് ചെയ്യുന്നു.
'എന്‍റെ 32 ജി.ബി കപ്പാസിറ്റിയുള്ള ഫോണിൽ 31.9 ജി.ബി ഡാറ്റ നിറഞ്ഞപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട തെലങ്കാന പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 'മൊബൈൽ ഫോൺ കേടായാലും അതിലെ ഡാറ്റ തിരിച്ചെടുക്കാനാകും. എന്നാൽ ജീവിതത്തിൽ അത് സാധിക്കില്ല' എന്നാണ് വിഡിയോ പങ്കുവെച്ച് തെലങ്കാന പൊലീസ് പറഞ്ഞത്. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാക്കരുതെന്നും അഭ്യർഥിച്ചിട്ടുണ്ട്.