വൈറൽ മലയാളി വ്ലോഗർ ഫ്രം കൊൽക്കത്ത
text_fieldsദെലുയർ ഹുസൈൻ സെഖ്
മറുനാട്ടിൽനിന്ന് ജോലി അന്വേഷിച്ച് കേരളത്തിലെത്തുന്ന തൊഴിലാളികൾ ഒരുപാടുണ്ട് കേരളത്തിൽ. എന്നാൽ, അവരിൽനിന്ന് വ്യത്യസ്തമായി മലയാളിയെപ്പോലെ മലയാളം പറഞ്ഞ് വൈറലാവുകയാണ് ഒരു കൊൽക്കത്തൻ യുവാവ്. ദെലുയർ ഹുസൈൻ സെഖ് എന്ന വ്ലോഗർ മുബാറക് ആണ് ഇൻസ്റ്റഗ്രാമിലൂടെ തരംഗമാവുന്നത്. മലയാളവും മലയാളികളെയും ഒത്തിരി ഇഷ്ടമുള്ള മുബാറകിനെ അറിയാം.
കൊൽക്കത്ത ടു കേരളം
കൊൽക്കത്തയിലെ മുർഷിദാബാദാണ് സ്വദേശം. മുമ്പ് മുംബൈയിലെ ബാന്ദ്രയിലായിരുന്നു. പൂഴിയെടുക്കലായിരുന്നു ജോലി. 18ാം വയസ്സിലായിരുന്നു അത്. ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. കൈയിലെ തോലൊക്കെ പോകും. തീരെ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ ബന്ധുക്കളോട് കാര്യം പറഞ്ഞു. ഫോണിൽ റീചാർജ് ചെയ്യാനുള്ള പൈസ പോലും ഉണ്ടായിരുന്നില്ല. അവർ തന്ന 80 രൂപയും കീശയിലിട്ട് പുലർച്ചെ ഒരു മണിക്ക് എല്ലാവരും ഉറങ്ങിയ നേരത്തിറങ്ങി.
20 കിലോ മീറ്റർ നടന്നു. രാത്രിയായതിനാൽ വണ്ടിയുമില്ല. വഴിയിൽ ലൈറ്റും ഉണ്ടായിരുന്നില്ല. ഒരുപാട് നായ്ക്കളും. നടന്ന് നടന്ന് രാവിലെയാണ് െറയിൽവേ സ്റ്റേഷനിലെത്തിയത്. അവിടന്നൊരു പ്ലാറ്റ്ഫോം ടിക്കറ്റെടുത്തു. ബാക്കി 70 രൂപ പിന്നെ ഒന്നിനും ഉപയോഗിച്ചില്ല. കേരളത്തിലേക്കുള്ള ട്രെയിനിൽ കേറി. തൃശൂരിലാണ് ആദ്യം എത്തിയത്. തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. അവിടെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ജോലിചെയ്യാൻ തുടങ്ങി. പിന്നെ മലപ്പുറത്തെത്തി.
ഇൻസ്റ്റഗ്രാമിലേക്ക്
ടിക് ടോക് ഉള്ള സമയത്ത് അതിൽ വിഡിയോ ചെയ്യാനും വൈറൽ ആവാനുമൊക്കെ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്റെ നാട്ടിലുള്ളവർ എനിക്ക് ഭ്രാന്താണെന്നും മണ്ടനാണെന്നുമൊക്കെ കളിയാക്കാൻ തുടങ്ങി. ഞാൻ അതൊന്നും കേട്ടില്ല. വീണ്ടും വിഡിയോകൾ ചെയ്തു. ടിക് ടോക് ഇവിടെ നിരോധിച്ചപ്പോൾ സങ്കടമുണ്ടായിരുന്നു. എന്നിട്ടും ഞാൻ നിർത്തിയില്ല. വേറെയും ആപ്പുകളിൽ വിഡിയോ ചെയ്തുകൊണ്ടിരുന്നു. പിന്നെ കേരളത്തിൽ വന്നശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.
ഭാര്യയുമായൊക്കെ ആലോചിച്ച് ഒരു മലയാളം ചാനൽ തന്നെ തുടങ്ങി. മലയാളം പഠിക്കണമെന്ന ആഗ്രഹംകൊണ്ടാണ് മലയാളത്തിൽ തന്നെ തുടങ്ങിയത്. മലയാളം എനിക്ക് നല്ല ഇഷ്ടമാണ്. മാത്രമല്ല ഇവിടെ തന്നെ താമസിക്കുമ്പോഴും പണിയുടെ ആവശ്യത്തിനുമൊക്കെ ഈ ഭാഷ ആവശ്യമാണ്. യൂട്യൂബിന്റെ കൂടെ തന്നെ ഇൻസ്റ്റഗ്രാമിലും ചെറിയ വിഡിയോകൾ ഇട്ടുതുടങ്ങി.
വൈറലാകുന്നു
ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു പാട്ടുപാടി അപ്ലോഡ് ചെയ്തു. കലാഭവൻ മണിയുടെ ‘കണ്ണി മാങ്ങാ പ്രായത്തിൽ’ ആയിരുന്നു അത്. പണി സ്ഥലത്തെ സുഹൃത്തുക്കളാണ് പഠിപ്പിച്ചുതന്നത്. വിചാരിക്കാതെയാണ് അന്ന് ഇൻസ്റ്റഗ്രാമിൽ ആ പാട്ട് വൈറലായത്. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു. ഭാര്യക്കും സന്തോഷമായി. പിന്നെ ദിവസവും വിഡിയോ ഇടാൻ തുടങ്ങി. ദിവസവും പണിക്കും പോവും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കോൺട്രാക്ടറോട് പറഞ്ഞ് വിഡിയോ എടുക്കാനായി ലീവെടുക്കും.
കേരളം അടിപൊളിയാണ്
കേരളത്തിലേതുപോലെ ഞങ്ങളുടെ നാട്ടിൽ എന്നും ജോലിയൊന്നുമുണ്ടാവില്ല. അവിടെ പക്ഷേ, ജീവിതച്ചെലവ് കുറവാണ്. പണി ഒന്നും ഇല്ലാതിരിക്കുമ്പോൾ ടെൻഷനാവും. കേരളത്തിൽ ജോലി സാധ്യതകളുള്ളതുകൊണ്ടാണ് ഇങ്ങോട്ടു വന്നത്. ഇവിടെ നല്ല ഇഷ്ടമായി. കേരളത്തിലെ ആൾക്കാർ വളരെ നല്ലതാണ്. ഭക്ഷണവും ഇഷ്ടമാണ്. സാമ്പാറാണ് കൂടുതലിഷ്ടം. മലയാള നടന്മാരിൽ മോഹൻലാലിനെയും നടിമാരിൽ അനിഖ സുരേന്ദ്രനെയുമാണിഷ്ടം. കലാഭവൻ മണിയുടെ പാട്ടുകളും നല്ല ഇഷ്ടമാണ്.
ജോലി വേണം
ചെറുപ്പം മുതലേ വീട്ടിൽ എല്ലാ ജോലിയും ഞാനാണ് ചെയ്തുകൊണ്ടിരുന്നത്. നാല് സഹോദരിമാരുണ്ട്. അവരെല്ലാവരും എന്നെക്കാൾ ചെറുതാണ്. അച്ഛൻ മുംബൈയിൽ ജോലിസ്ഥലത്തായിരിക്കും. എല്ലാം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. പിന്നെ എന്റെ ശരീരവും പണിയെടുത്ത് ഫിറ്റായി വന്നു. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാം നോക്കണം. വീട്ടിൽ ബുദ്ധിമുട്ട് കൂടിയപ്പോഴാണ് പതിനെട്ടാം വയസ്സിൽ മുംബൈക്ക് പോയത്. പിന്നെ കേരളത്തിലുമെത്തി. നാല് സഹോദരിമാരുടെയും കല്യാണം നടത്തി.
‘ജാസ്തി’ ഇഷ്ടം
ഞാൻ കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് ജാസ്തി. ഞാൻ ആദ്യം പഠിച്ച വാക്കാണത്. അതുകൊണ്ട് അത് ഉപയോഗിച്ച് ശീലമായി. എന്ത് പറയുമ്പോഴും അതിൽ ‘ജാസ്തി’ ഉണ്ടാകും. കേരളത്തിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹം. കേരളം അടിപൊളിയാണ്. കൂടുതൽ ഇഷ്ടം മലപ്പുറമാണ്. മലപ്പുറത്ത് സ്ഥലം വാങ്ങി വീടുെവച്ച് അവിടെ തന്നെ മരിക്കാനാണ് ആഗ്രഹം.
കേരളത്തിൽ വന്നിട്ട് പത്ത് വർഷമാകുന്നു. മലപ്പുറത്ത് താമസമാക്കിയിട്ട് അഞ്ചു വർഷം. എടവണ്ണപ്പാറയിലാണ് ഇപ്പോൾ. കുടുംബത്തെയും ഇവിടേക്ക് കൊണ്ടുവന്നു. മൂന്നാം ക്ലാസുകാരി മകൾ ഇവിടത്തെ സ്കൂളിലാണ് പഠിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസം വളരെ നല്ലതാണ്. നല്ല അധ്യാപകരുമാണ്. എല്ലാരും നല്ലവരാണ്. മകളും നന്നായി മലയാളം പറയും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

