'മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസൽമാന്റെ ഇന്ത്യ, പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്റെ ഇന്ത്യ'; മലപ്പുറത്തെ വൈറൽ കമന്ററി - വിഡിയോ
text_fieldsമലപ്പുറം: കാൽപന്ത് കളിക്ക് ഏറെ പ്രസിദ്ധമാണ് മലപ്പുറം. അഖിലേന്ത്യാ സെവൻസ് ഫുടബോളിന്റെ മിക്ക സീസണുകൾക്കും തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ മണ്ണിൽ നിന്നാണ്. അത്തരത്തിലുള്ള ഒരു ഫുട്ബോൾ ഫൈനൽ മത്സരത്തിനിടയിൽ യുവാവ് നടത്തിയ കമന്ററി ഏറെ വൈറലായിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും ജാതി മത വ്യത്യസമില്ലാതെ ഭീകരതയെ ചെറുത്ത് തോൽപ്പിക്കണമെന്നാണ് യുവാവ് കമന്ററിയിലൂടെ പറയുന്നത്.
കമന്ററിയുടെ പൂർണരൂപം
അധർമത്തിന്റെ പാകിസ്ഥാനികൾ അറിയുക. മറക്കില്ല, പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും ആ കൊടും ക്രൂരതയുടെ ചോരപ്പാടുകൾ. ഇത് ഇന്ത്യയാണ്. പാപ മോചനത്തിന്റെ നിർവൃതി തേടി അയ്യപ്പന്റെ തിരുനടയിലേക്ക് മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസൽമാന്റെ ഇന്ത്യ.
പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്റെ ഇന്ത്യ. മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ ക്രിസ്മസ് രാവുകളിൽ, നക്ഷത്രങ്ങൾ പൂക്കുന്ന പുൽക്കൂടൊരുക്കുന്ന, ഹൈന്ദവന്റെയും മുസൽമാന്റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ച്, പാകിസ്ഥാൻ ഭീകരർ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും, അനേകം സഹോദരന്മാരുടെയും, അനേകം കുഞ്ഞു പൈതലുകളുടെയും, മാതൃരാജ്യത്തിനായി ചോര പകുത്തുനൽകിയ വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓർമകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്‌നേഹപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് ഈ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്.
'ദി നേഷൻ ഓഫ് യൂണിറ്റി' എന്ന ബാനർ പിടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം മറ്റ് സോഷ്യൽ മീഡിയകളിലും വൈറലായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.