ചരിത്രത്തിൽ ആദ്യമായി തേംസ് നദീതീരത്ത് ഗംഗാ ആരതി; ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകൾ
text_fieldsഗംഗാ ആരതി
ലണ്ടൻ: ലണ്ടനിലെ തേംസ് നദീതീരത്ത് ചരിത്രത്തിൽ ആദ്യമായി പരമ്പരാഗത ഹൈന്ദവ ആചാരമായ 'ഗംഗാ ആരതി' നടന്നു. പ്രാർത്ഥനകളും ദീപക്കാഴ്ചകളും നന്ദിസൂചകമായ ചടങ്ങുകളും നിറഞ്ഞ 'ഗംഗാ ആരതി ഓൺ ദി തേംസ്: എ സെറിമണി ഓഫ് ലൈറ്റ്'എന്ന ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് തേംസ് നദീതീരത്തേക്ക് ഒഴുകിയെത്തിയത്. വാർഷിക 'ടോട്ടലി തേംസ്' ഫെസ്റ്റിവലുമായി സഹകരിച്ച് ചിൻമയ മിഷൻ യുകെയാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ചരിത്രപ്രസിദ്ധമായ ഗ്രീൻവിച്ചിലെ ഓൾഡ് റോയൽ നേവൽ കോളജിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഗംഗാതീരങ്ങളിൽ നടക്കുന്ന ലോകപ്രശസ്തമായ ഗംഗാ ആരതിയുടെ അതേ ആത്മീയ അന്തരീക്ഷം ലണ്ടനിൽ പുനഃസൃഷ്ടിക്കുകയാണ് ഈ ചടങ്ങിലൂടെ ചെയ്തത്. പ്രകൃതിയോടും നദികളോടുമുള്ള ആദരസൂചകമായി തലമുറകളായി ജനം ഗംഗാതീരങ്ങളിൽ ഒത്തുകൂടാറുണ്ടെന്നും, അതേ സ്നേഹവും ഐക്യവും പ്രതീക്ഷയും തേംസ് നദീതീരത്ത് എത്തിക്കാനാണ് ഈ ചടങ്ങിലൂടെ ലക്ഷ്യമിട്ടതെന്നും ചിൻമയ മിഷൻ യുകെ റസിഡന്റ് ടീച്ചർ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ വ്യക്തമാക്കി.
പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരം വലിയ, പല തട്ടുകളായുള്ള എണ്ണവിളക്കുകൾ തെളിച്ച് സംഗീതത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയോടെയാണ് ആരതി സമർപ്പിച്ചത്. പ്രകൃതിയോടുള്ള നന്ദിപ്രകടനം വെറുമൊരു ചടങ്ങ് മാത്രമല്ലെന്നും, ജീവന്റെ നിലനിൽപ്പിന് ആധാരമായ മാതാ ഗംഗയോടുള്ള ആദരവാണ് ഇതെന്നും സംഘാടകർ ഓർമിപ്പിച്ചു. ചിൻമയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് ഈ ആത്മീയ സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദപരമായ നടത്തിപ്പ്തേംസ് നദിയുടെ പവിത്രതയും ശുചിത്വവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി തികഞ്ഞ പരിസ്ഥിതി സൗഹൃദപരമായ മുൻകരുതലുകളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ ഉപയോഗിച്ച പൂക്കളോ വിഗ്രഹങ്ങളോ മറ്റ് വസ്തുക്കളോ ഒന്നും തന്നെ നദിയിലേക്ക് നിക്ഷേപിക്കുകയോ ഒഴുക്കുകയോ ചെയ്തില്ല. ചടങ്ങിലെ ദീപങ്ങളെല്ലാം നദീതീരത്ത് തന്നെ സൂക്ഷിക്കുകയും മാലിന്യങ്ങൾ പരമാവധി കുറക്കാനും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാനുമുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. സന്യാസവര്യന്മാരും വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളും ബ്രിട്ടീഷ്-ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏത് പശ്ചാത്തലത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് പരിപാടി തുറന്നുകൊടുത്തിരുന്നത്. പ്രകൃതിയോട് കരുതലോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന വലിയൊരു സന്ദേശമാണ് ഈ ആരതി നൽകുന്നതെന്ന് ചിൻമയ മിഷൻ വ്യക്തമാക്കി. 1997 മുതൽ നടന്നുവരുന്ന 'ടോട്ടലി തേംസ്' ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ ഐതിഹാസിക ചടങ്ങ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

