‘കപ്പലണ്ടി വിറ്റ് നടന്നാമതിയായിരുന്നു’ എന്ന് ഫിറോസിന്റെ പരിഹാസം; ‘ഫണ്ട് മുക്കിയ പണം കൊണ്ട് ‘‘മൊതലാളി’’ ആകുന്നതിലും ഭേദം കടല വിറ്റ് നടക്കലാണെ’ന്ന് ജലീലിന്റെ മറുപടി
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.ടി. ജലീല്‍. മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, വർഗീസ് കണ്ടൻകുളത്തി എന്നീ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശരത്തിന്റെ ശബ്ദരേഖയിലുള്ളത്.
കപ്പലണ്ടി വിറ്റുനടന്ന കണ്ണന് കോടിപതിയാണെന്നും എ.സി. മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. പിന്നാലെയാണ് സി.പി.എമ്മിനെ പരിഹസിച്ച് ഫിറോസ് പോസ്റ്റിട്ടത്. ‘കപ്പലണ്ടി വിറ്റ് നടന്നാമതിയായിരുന്നു’ എന്നായിരുന്നു ഫിറോസിന്റെ പരിഹാസം. ഇതിനാണ് ജലീൽ മറുപടി നൽകിയത്. ‘എന്തിനാ കപ്പലണ്ടി വിൽക്കുന്നത്? സാക്ഷാൽ പൊരിച്ച കോഴിയല്ലേ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്?
ഫണ്ട് മുക്കിയ പണം കൊണ്ട് "മൊതലാളി" ആകുന്നതിലും എത്രയോ ഭേദം കടല വിറ്റ് നടക്കൽ തന്നെയായിരുന്നു’ -ജലീലിൽ ഫേസ്ബുക്കിൽ കുറിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസ് ഉത്തരം പറയേണ്ട 15 ചോദ്യങ്ങളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
എന്തിനാ കപ്പലണ്ടി വിൽക്കുന്നത്? സാക്ഷാൽ പൊരിച്ച കോഴിയല്ലേ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്?
ഫണ്ട് മുക്കിയ പണം കൊണ്ട് "മൊതലാളി" ആകുന്നതിലും എത്രയോ ഭേദം കടല വിറ്റ് നടക്കൽ തന്നെയായിരുന്നു.
ഫിറോസ് ഉത്തരം പറയേണ്ട ചോദ്യങ്ങൾ 15
1) ഫിറോസ് സെയിൽസ് മാനേജരായ കമ്പനിക്ക് ദുബായിയിലെ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉണ്ടോ?
2) Fortune House General Trading എന്ന കമ്പനിയുടെ ബിസിനസ് വ്യാപ്തി എത്രയാണ്?
3) കമ്പനിയുടെ ഏതൊരു വിൽപ്പനക്കും വാങ്ങലിനും ക്രയവിക്രയം നടത്തുന്ന സ്ഥാപനം തയ്യാറാക്കിയ ഇൻവോയ്സുകൾ ഉണ്ടായിരിക്കും. അതിൽ 5% വാറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അതത് സാമ്പത്തിക വർഷത്തേക്കുള്ള ഒരു ഓഡിറ്റ് റിപ്പോർട്ടുമുണ്ടാകും. ഫിറോസ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇത്തരമൊരു സർട്ടിഫൈഡ് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടോ?
4) ദുബായിലെ ഏതൊരു കമ്പനിയാണെങ്കിലും അതിലെ ജീവനക്കാരുടെ ശമ്പളം ഓരോ ജവനക്കാരൻ്റെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഫിറോസിന് ഒരു അക്കൗണ്ട് ഉണ്ടോ?
5) ഫിറോസിന് അക്കൗണ്ടുള്ള ബാങ്ക് ഏതാണ്?
6) നിയമപ്രകാരം, ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന ആരെയും ഒരു എൻ.ആർ.ഐ ആയി കണക്കാക്കാൻ കഴിയില്ല. അതിനാൽ എവിടെ നിന്നുള്ള വരുമാനത്തിനാണെങ്കിലും നികുതി നൽകാൻ ബന്ധപ്പെട്ടയാൾ ബാദ്ധ്യസ്ഥനാണ്. ഇതുപ്രകാരം ഫിറോസ് വാങ്ങിയ ശമ്പളത്തിന് ഇന്ത്യാ ഗവ:ന് നികുതി അടച്ചിട്ടുണ്ടോ?
7) ഇതുവരെ ശമ്പളമായി ഫിറോസിന് ലഭിച്ച പണം എങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?
8 ) ഫിറോസിന് ഇന്ത്യയിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ?
9) ഇന്ത്യയിൽ അദ്ദേഹത്തിന് ഒരു എൻ.ആർ.ഐ അക്കൗണ്ട് ഉണ്ടോ?
10) ഫിറോസിന് വിദേശത്ത് അക്കൗണ്ട് ഉണ്ടായിരുന്നെങ്കിൽ, നാമനിർദ്ദേശ പത്രികയുടെ ഡിക്ലറേഷനിൽ അതെന്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചില്ല?
11) ദുബായിലെ ഫിറോസിൻ്റെ തൊഴിൽ കരാർ പ്രകാരം, വിദേശത്തു മാത്രമേ അദ്ദേഹത്തിന് പേയ്മെന്റുകൾ ലഭിക്കാൻ അർഹതയുള്ളൂ.
12) അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ തനിക്ക് ബിസിനസ് വിസയുണ്ടെന്നാണ് ഫിറോസ് തന്നെ വീമ്പു പറഞ്ഞത്. അങ്ങിനെ ഉണ്ടെങ്കിൽ, ഫിറോസ് അവിടങ്ങളിൽ ചെയ്യുന്ന ബിസിനസ്സ് എന്താണ്?
13) സേവനങ്ങളാണോ സാധനങ്ങളാണോ ഫിറോസ് വിദേശ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നത്. നിക്ഷേപത്തിന്റെ സ്വഭാവം എന്താണ്?
14) കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി-യുവജന സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ മുഖം കാണിക്കുന്ന വ്യക്തിയാണ് ഫിറോസ്! അദ്ദേഹത്തിന് ഏതെങ്കിലും ബാഹ്യ ഏജൻസികളിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ?
15) ഇന്ത്യയിൽ താമസിച്ച് ചെയ്യാത്ത ജോലിക്ക് നിയമ വിരുദ്ധമായി പണം കൈപ്പറ്റി പൊതുപ്രവർത്തകനായി ഫിറോസ് തുടരുന്നത് ശരിയാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

