കോവിഡ് മഹാമാരിയെത്തുടർന്ന് ലോകം നിശ്ചലമായ 2020 കടന്ന് പോകുകയാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് 2020 എങ്ങനെയാകുമെന്ന ഒരു സ്കൂൾ വിദ്യാർഥിയുടെ പ്രവചനം ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
2020ൽ എല്ലാവരും സമാധാനത്തോടെ ജീവിക്കുമെന്നും മനുഷ്യരാശി എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തുമെന്നുമാണ് കെവിൻ സിങ് എന്ന അഞ്ചാം ക്ലാസുകാരൻ 10 വർഷം മുമ്പ് പ്രവചിച്ചത്. സ്കൂൾ ഇയർ ബുക്കിലായിരുന്നു കെവിന്‍റെ പ്രവചനം. എത്ര കൃത്യമായി ഇങ്ങനെ തെറ്റായി പ്രവചിക്കാനാകും എന്നാണ് ഇത് കണ്ട് നെറ്റിസൺസ് ചോദിക്കുന്നത്.
70000ത്തിലേറെ ലൈക്കുകളാണ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിന് ലഭിച്ചത്. പ്രവചനത്തിലൂടെ ദൗർഭാഗ്യം കൊണ്ടുവന്നുവെന്ന് ചിലർ കെവിനെ കുറ്റപ്പെടുത്തുന്നുണ്ട്. വൈറലായ പോസ്റ്റ് ഒടുവിൽ കെവിൻ കാണുകയും ക്ഷമ ചോദിക്കുകയും ചെയ്യുകയുണ്ടായി.